ആരോഗ്യപ്രവർത്തകർക്ക് ദക്ഷിണവ്യോമസേനയുടെയും തീരസംരക്ഷണ സേനയുടെയും ആദരം

59

തിരുവനന്തപുരം:ദക്ഷിണവ്യോമസേനയുടെയും തീരസംരക്ഷണ സേനയുടെയും നേതൃത്വത്തിൽ കോവിഡ് 19 നെതിരെ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ തിരുവനന്തപുരത്ത് ആദരിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് ആരോഗ്യ പ്രവർത്തകരെ വ്യോമസേന ആദരിച്ചത്. സാരംഗ് ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തിയാണ് ആദരം അർപ്പിച്ചത്.

രാവിലെ പത്ത് മണിക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുഷ്പവൃഷ്ടി നടത്തിയത്. രാവിലെ 10.10ന് ജനറൽ ആശുപത്രിക്ക് മുകളിൽ ഹെലികോപ്റ്റർ പുഷ്പവൃഷ്ടി നടത്തി. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരെല്ലാം ഇരുസ്ഥലത്തും അണിനിരന്നിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അമ്മയും കുഞ്ഞും പ്രതിമയ്ക്ക് സമീപം മുതൽ പ്രധാന കവാടം വരെയാണ് ആരോഗ്യ പ്രവർത്തകർ അണിനിരന്നത്. ജനറൽ ആശുപത്രിയിൽ മുൻവശത്തെ ഗെയ്റ്റിന് സമീപം ആരോഗ്യപ്രവർത്തകർ നിന്നു. രണ്ടിടത്തും മൂന്നു വട്ടമാണ് ഹെലികോപ്റ്ററിൽ നിന്ന് ചുവന്ന റോസാപുഷ്പങ്ങളും പൂവിതളുകളും ആരോഗ്യപ്രവർത്തകർക്കു മേൽ വിതറിയത്. ആരോഗ്യ പ്രവർത്തകർ കൈവീശി ആദരവിന് നന്ദി അറിയിച്ചു. വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്ററാണ് പുഷ്പങ്ങൾ വിതറിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സായുധ സേന ആദരവ് അർപ്പിക്കുന്നതിന്റെ ഭാഗമായി ബാന്റ് മേളവും കേക്ക് മുറിക്കലും നടന്നു.

വിഴിഞ്ഞത്തെ തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ മേയ് രണ്ട്, മൂന്ന് തീയതികളിൽ ശംഖുംമുഖം കടലിൽ തീരസംരക്ഷണ സേനയുടെ കപ്പലിൽ ലൈറ്റ് മുഴുവൻ പ്രകാശിപ്പിച്ചാണ് ആദരവ് പ്രകടിപ്പിച്ചത്.  

NO COMMENTS