തിരുവനന്തപുരം: തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. നിരോധിത സ്‌ഫോടക വസ്തുക്കള്‍ ഒഴിവാക്കിയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും വെടിക്കെട്ട് നടത്താന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതയോഗം തീരുമാനിച്ചു. കേന്ദ്ര മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് വെടിക്കെട്ട് നടത്താനാണ് തീരുമാനം. പതിവുപോലെ ഇക്കുറിയും പൂരം പൊടിപൊടിക്കുമെന്നുറപ്പ്. തൃശൂര്‍ പൂരത്തിന്റെ മുഖ്യ ആകര്‍ഷണമായ വെടിക്കെട്ട് നിരോധിക്കില്ല. പകരം ഉഗ്ര സ്‌ഫോടന ശേഷിയുള്ള പൊട്ടാസ്യം ക്ലോറേറ്റിന്റെ ഉപയോഗം മാത്രം നിരോധിച്ചു. പൊട്ടാസ്യം ക്ലോറേറ്റിന് പകരം മറ്റ് രാസവസ്തുക്കള്‍ ഉപയോഗിച്ച് ഗുണ്ട്, അമിട്ട്, കുഴിമിന്നി തുടങ്ങിയവ നിര്‍മ്മിച്ച് പ്രയോഗിക്കുന്നതിന് തടസ്സമില്ല. തൃശൂര്‍ പൂരത്തിന് മാത്രമായി വെടിക്കോപ്പ് നിര്‍മ്മാതാക്കള്‍ക്ക് ഒരാഴ്ചയ്ക്കകം ലൈസന്‍സ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കും. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് എക്‌സ്‌പ്ലോസീവ് നിയമം കേന്ദ്രം കര്‍ശനമാക്കിയതാണ് പൂരം വെടിക്കെട്ടിനെ കുറിച്ച് ആശങ്കയേറ്റിയത്. കേന്ദ്രം നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് വെടിക്കെട്ട് നടത്താനാണ് തീരുമാനം. കേന്ദ്രത്തില്‍ നിന്നുള്ള സ്‌ഫോടക വസ്തു വിദഗ്ദ്ധരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാര്‍ക്കൊപ്പം ചീഫ് സെക്രട്ടറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. അടുത്ത മാസം അഞ്ചിനാണ് തൃശൂര്‍ പൂരം.