ലോ അക്കാദമി വിവാദം പ്രമേയമായ സ്കിറ്റിനെ ചൊല്ലി ട്രിവാൻഡ്രം ക്ലബ്ബിൽ തർക്കവും വാക്കേറ്റവും. ലക്ഷ്മിനായരും ഭർത്താവും അംഗമായ ക്ലബിൽ ഇന്നലെ രാത്രി അരങ്ങേറിയ സ്കിറ്റ് ഒരു വിഭാഗത്തിന്റെ എതിർപ്പ് മൂലം നിർത്തിവച്ചു.
രണ്ടാം ശനിയാഴ്ചകളിൽ അംഗങ്ങൾക്കായുള്ള പതിവ് കലാപരിപാടിയുടെ ഭാഗമായായിരുന്നു സ്കിറ്റ്. പുറത്തുനിന്നുള്ള ഒരു സംഘം കലാകാരന്മാരാണ് സ്കിറ്റ് അവതരിപ്പിച്ചത്. ലക്ഷ്മിനായർക്കെതിരായ വിമർശനം കടുത്തതോടെ ഒരു വിഭാഗം പ്രതിഷേധവുമായി എഴുന്നേറ്റു. സ്കിറ്റ് നടക്കുമ്പോൾ ലക്ഷ്മിനായരുടെ ഭർത്താവ് നായർ അജയ് കൃ്ഷണൻ ക്ലബിലുണ്ടായിരുന്നു. അംഗങ്ങളെ കളിയാക്കുന്ന പരിപാടി ക്ലബിൽ അവതരിപ്പിച്ചത് ശരിയായില്ലെന്ന് ഒരു വിഭാഗം വിമർശിച്ചതോടെ സ്കിറ്റ് പൂർത്തിയാക്കാതെ ഭാരവാഹികൾ ഇടപെട്ട് നിർത്തി. ക്ലബ് സെക്രട്ടറി വിജി തമ്പി ക്ഷമാപണം നടത്തി. എന്തായിരിക്കും വിഷയം എന്ന് സ്കിറ്റ് അവതരിപ്പിച്ച സംഘം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് വിജി തമ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാദ സ്കിറ്റിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് ഭാരവാഹികളുടെ തീരുമാനം,