നന്തന്‍കോട് കൂട്ടകൊലപാതകം : കൊലപാതകം നടത്തിയത് ആത്മാവാണെന്ന് കേഡലിന്റെ മൊഴി

212

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടകൊലപാതക കേസിലെ പ്രതി കേഡലിനെ മനശാസ്ത്ര വിദഗ്ദന്റെ സാന്നിദ്ധ്യത്തില്‍ പൊലീസ് ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായി പ്രതി സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് മനഃശാസ്ത്രജ്ഞന്റെ സഹായം തേടിയത്. ആഭിചാര പ്രവര്‍ത്തനങ്ങളിലെ താത്പര്യത്തിന്റെ ഭാഗമായാണ് കൊലപാതകമെന്നാണ് പ്രതിയുടെ മൊഴി. നന്തന്‍കോടുള്ള വീട്ടിനുള്ളിലിട്ട് മാതാപിതാക്കളും സഹോദരിയും അമ്മൂമ്മയും ഉള്‍പ്പെട നാലുപേരെ കൊന്നത് താന്‍ തന്നെയാണെന്ന് കേഡല്‍ സമ്മതിച്ചു. ഒരേ ദിവസമാണ് ഈ കൊലപാതങ്ങള്‍ നടത്തിയതെന്നായിരുന്നു മൊഴി. പക്ഷെ വീട്ടുജോലിക്കാരിയുടെയും അയല്‍വാസികളുടെ മൊഴി ഇതിന് വിരുദ്ധമാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് മൂന്നു പേരെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൃതദേഹങ്ങള്‍ സ്വന്തം മുറിയിലെ കുളിമുറിയിട്ട് കത്തിച്ചുവെന്ന് പ്രതി സമ്മതിച്ചു. എന്നാല്‍ എന്തിനുവേണ്ടിയാണ്, എങ്ങനെയാണ് കൊലപാതകം നടത്തിയതെന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മൊഴികളില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമാകുന്നില്ല.
ശരീരത്തില്‍ നിന്നും ആത്മാവിനെ വേര്‍പിരിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന ശൈലി 15 വര്‍ഷമായി ഇയാള്‍ പരിശീലിക്കുന്നുണ്ടെന്നാണ് മൊഴി. ആത്മാവാണ് ഇതൊക്കെ ചെയ്തതെന്നാണ് കേഡല്‍ പറയുന്നത്. ഇതോടെയാണ് മനശാത്ര വിദഗ്ദനായ ഡോ.മോഹന്‍ റോയുടെ സഹായത്തോടെ പ്രതിയെ ചോദ്യം ചെയ്തത്. പ്ലസ്ടു വിദ്യാഭ്യാസത്തിന് ശേഷം വിദേശത്തേക്ക് നഴ്‌സിംഗ് പഠിക്കാന്‍ പെയങ്കിലും അവിടെയും പഠനം പൂര്‍ത്തിയാക്കാതെയാണ് കേഡല്‍ തിരിച്ചെത്തിയത്. വിദേശത്തുവെച്ചാണ് ആഭിചാര ശൈലികളോട് കൂടുതല്‍ ഇഷ്‌ടമുണ്ടായതെന്നാണ് കേഡല്‍ പറയുന്നത്. ചോദ്യം ചെയ്യാനായി കേസിലെ സാക്ഷികളെയും തിരുവനന്തപുരം പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കേഡലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിന്നീട് കസ്റ്റടിയില്‍ വാങ്ങിയശേഷമായിരിക്കും തെളിവെടപ്പിന് കൊണ്ടുപോവുക.

NO COMMENTS

LEAVE A REPLY