കൊല്ലം : ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ജില്ലയില്‍ നടപ്പിലാക്കേണ്ട ക്രമീകരണങ്ങള്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ കൂടിയ യോഗം അവലോകനം ചെയ്തു. ഹാര്‍ബറില്‍ അനാവശ്യമായി കാണപ്പെടുന്ന കൂടാരങ്ങള്‍ മാറ്റണമെന്നും പഴകിയ മത്സ്യബന്ധന വലകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിലവില്‍ ഉപയോഗിക്കുന്ന വലകള്‍ സൂക്ഷിക്കുന്നതിന് ലോക്കര്‍ റൂമുകള്‍ തുറന്നു കൊടുക്കണം. അഗ്നി സുരക്ഷാ സേനയുടെ സഹായത്തോടെ ഹാര്‍ബര്‍ അണുമുക്തമാക്കണം. ലാന്‍ഡിങ് സെന്ററുകളില്‍ ഫിഷറീസിന്റെ മേല്‍നോട്ടത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.
രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാലുവരെ തദ്ദേശീയരായവരുടെ വലിയ വള്ളങ്ങളും വൈകിട്ട് അഞ്ചു മുതല്‍ രാവിലെ 8.30 വരെ ചെറിയ വള്ളങ്ങളും അടുക്കാം. അഞ്ചു കേന്ദ്രങ്ങള്‍ ഉള്ളതില്‍ ഒരു കേന്ദ്രത്തില്‍ രണ്ട് സ്ഥലത്ത് വീതം വള്ളങ്ങള്‍ അടുപ്പിക്കാന്‍ നടപടി വേണം. സ്ലിപ്പ് എടുക്കുന്ന സ്ഥലങ്ങളില്‍ സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ എന്നിവ ഒരുക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.
ഹാര്‍ബറില്‍ അനാവശ്യമായി തങ്ങുന്നവര്‍ക്കെതിരെയും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി എടുക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. എ ഡി എം പി.ആര്‍. ഗോപാലകൃഷ്ണന്‍, സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍, ഡി എം ഒ ഡോ. ആര്‍ ശ്രീലത, സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുമീതന്‍പിള്ള, ഹാര്‍ബര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ലോട്ടസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.