യുഎസ് വിസാ നിരോധനം; പട്ടികയില്‍ നിന്നും ഇറാഖിനെ ഒഴിവാക്കും

227

വാഷിങ്ടണ്‍: വിസാ നിരോധനം ഏര്‍പ്പെടുത്തിയ ഏഴു മുസ്ലിം രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇറാഖിനെ അമേരിക്ക നീക്കം ചെയ്യും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഇമിഗ്രേഷന്‍ ഉത്തരവിലാണ് ഇറാഖിനെ ഒഴിവാക്കുന്നത്.
ഐ.എസിനെതിരായ പോരാട്ടത്തില്‍ മുഖ്യപങ്കു വഹിക്കുന്ന ഇറാഖിനെ വിസാ നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പുനഃപരിശോധിക്കണമെന്ന് വൈറ്റ് ഹൗസിനോട് പ്രതിരോധ വിഭാഗം ആവശ്യപ്പെട്ടിരുന്നു.കൂടാതെ പെന്റഗണിന്റെയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും സമ്മര്‍ദവും തീരുമാനത്തിന് പിന്നിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി പേര് വെളിപ്പെടുത്താത്ത അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രംപ് ചൊവ്വാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസ് മുമ്ബാകെ നടത്തിയ തന്റെ ആദ്യ പ്രസംഗത്തില്‍ യുഎസ് പ്രവേശനത്തിന് പുതിയ രീതി കൊണ്ടുവരുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു.പുതിയ ഉത്തരവില്‍ പ്രസിഡന്റ് ബുധനാഴ്ച ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കി ജനുവരി 27നാണ് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. ഈ ഉത്തരവ് യു.എസ് ഫെഡറല്‍ കോടതി റദ്ദാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY