വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയുമായി ഉണ്ടാക്കിയ കരാര്‍ ഡൊണാള്‍ഡ് ട്രംപ് ഭാഗികമായി റദ്ദാക്കി. മിയാമിയില്‍ നടന്ന ചടങ്ങിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ക്യൂബയുമായി വ്യാപാര ബന്ധം പുനസ്ഥാപിക്കുന്ന കരാറാണ് റദ്ദാക്കിയത്. അമേരിക്കക്കാര്‍ക്ക് ക്യൂബയിലേക്ക് പോകുന്നതിനും ക്യൂബന്‍ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുമായി യുഎസ് സ്ഥാപനങ്ങള്‍ സഹകരിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഏകപക്ഷീയമായ കരാര്‍ ആയിരുന്നു ഒബാമ സര്‍ക്കാര്‍ ക്യൂബയുമായി ഉണ്ടാക്കിയത്. ഇത് റദ്ദാക്കുകയാണ്. ക്യൂബന്‍ ജനതക്കും അമേരിക്കക്കും കൂടുതല്‍ ഗുണകരമാകുന്ന കരാര്‍ ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.
ക്യൂബയുമായി സൈനിക, സാമ്പത്തിക, നയതന്ത്ര ബന്ധം തുടങ്ങുകയെന്ന ചരിത്രപരമായ ചുവടുവെപ്പാണ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നടത്തിയിരുന്നത്. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് കരാര്‍ യാഥാര്‍ഥ്യമായിരുന്നത്. ഒബാമയുടെ ക്യൂബാ നയം അമേരിക്കന്‍ താത്പര്യങ്ങള്‍ ബലികഴിച്ചുള്ളതാണെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
അമേരിക്കയുമായുള്ള ബന്ധത്തെ കരുതിയിരിക്കണമെന്ന് വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോ നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നു. സാമ്പത്തിക നയത്തില്‍ വരുത്തിയ മാറ്റങ്ങളില്‍ തന്റെ അവസാന കാലത്ത് അദ്ദേഹം ദുഃഖിതനുമായിരുന്നു.