ശ്രീനഗര്‍: ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഹൈവേ തുരങ്കം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ജമ്മു കശ്മീരിലെ ചെനാനിയിൽ നിന്ന് നശ്രി വരെയാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് തുരങ്കത്തിൽ ഒരുക്കിയിരിക്കുന്നത്. ജമ്മു -ശ്രീനഗർ ദേശീയ പാതയിലെ കുദ്, പറ്റ്നിടോപ് എന്നിവടങ്ങൾ വഴിയുള്ള മഞ്ഞുവീഴ്ചയും മലയിടിച്ചിലുമുള്ള ദുർഘടമായ പാതയിലൂടെയുള്ളയാത്രയാണ് തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ ഒഴിവാകുന്നത്.
കിലോമീറ്ററുകൾ ലാഭിക്കുന്നതിനോടൊപ്പം യാത്രാ സമയത്തിൽ രണ്ടു മണിക്കൂറും,ദിവസം 27 ലക്ഷം രൂപയുടെ ഇന്ധനവും ലാഭിക്കo. പരമാവധി സുരക്ഷ ഉറപ്പുവരുത്തി, അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള ക്രമീകരണങ്ങളോടെയാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. സമാന്തരമായ രണ്ട് തുരങ്കങ്ങളുടെ സമുച്ചയമാണ് ഈ പാത. 13 മീറ്റർ വ്യാസമുള്ള പ്രധാന പാതയും അതിന് സമാന്തരമായി ആറ് മീറ്റർ വ്യാസമുള്ള മറ്റൊരു സുരക്ഷാ പാതയുമാണുള്ളത്. പ്രധാന പാതയിൽ ഏതെങ്കിലും തരത്തിലുള്ള തടസ്സമോ അപകടമോ സംഭവിച്ചാൽ ഉപയോഗിക്കുന്നതിനാണ് സമാന്തരമായി സുരക്ഷാ പാത നിർമിച്ചിരിക്കുന്നത്. തുരങ്കത്തിനുള്ളിലെ സാഹചര്യമറിയാൻ ടണൽ കണ്‍ട്രോള്‍ റൂം, 124 ക്യാമറകൾ,യാത്രികർക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടാൽ സഹായം തേടുന്നതിനായി ഓരോ 150 മീറ്റർ ഇടവിട്ടും ഫോൺ സംവിധാനങ്ങളുണ്ട്. പ്രഥമശുശ്രൂഷാസൗകര്യവും അത്യാവശ്യ മരുന്നുകളും ഇതോടൊപ്പമുണ്ടാവും. 3720 കോടി രൂപ ചിലവിൽ അഞ്ചര വർഷകൊണ്ടാണ് ഈ തുരങ്കം പൂർത്തിയാക്കിയത്.