കൊല്ലം:ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഒളിച്ചുകഴിഞ്ഞിരുന്ന രണ്ടു ബോഡോലാന്‍ഡ് തീവ്രവാദികള്‍ കൊല്ലം ജില്ലയില്‍ പിടിയിലായി. കലക്ടറേറ്റില്‍ സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിടുന്പോള്‍ ജില്ലയില്‍ തീവ്രവാദികളുടെ സാന്നിധ്യം കണ്ടെത്തിയതു മിലിട്ടറി ഇന്‍റലിജന്‍സിനെയും പോലീസിനെയും ഞെട്ടിച്ചു. കഴിഞ്ഞവര്‍ഷവും കൊല്ലത്തുനിന്നു രണ്ടു ബോഡോലാന്‍ഡ് തീവ്രവാദികളെ പിടികൂടിയിരുന്നു. പിടിയിലായവര്‍ നിരോധിത തീവ്രവാദസംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് പ്രവര്‍ത്തകരാണെന്നു സംശയിക്കുന്നു.അതിര്‍ത്തിയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പ്രതികളാണ് ഇരുവരുമെന്ന് സൂചനയുണ്ട്. മിലിട്ടറി ഇന്‍റലിജന്‍സ് ഇന്നലെ വൈകിട്ട് അഞ്ചിനാണ് ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ആശ്രാമം ഭാഗത്തു ജോലിചെയ്തിരുന്ന ഇവര്‍ ദിവസങ്ങളായി മിലിട്ടറി ഇന്‍റലിജന്‍സിന്‍റെ നിരീക്ഷണത്തിലായിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പോലീസോ മിലിട്ടറി ഇന്‍റലിജന്‍സോ പുറത്തുവിട്ടിട്ടില്ല. ഒരു ദിവസത്തേക്ക് ഇരുവരെയും കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ മാത്രമാണു മിലിട്ടറി ഇന്‍റലിജന്‍സിന്‍റെ നിര്‍ദേശമെന്നു പോലീസ് പറയുന്നു. മിലിട്ടറി ഇന്‍റലിജന്‍സ് ഇവരെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചതോടെ സ്റ്റേഷന്‍റെ ജനലുകളും ഗ്രില്ലും പോലീസ് അടച്ചുപൂട്ടി. കൊല്ലം കലക്ടറേറ്റിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടു മിലിട്ടറി ഇന്‍റലിജന്‍സ് നടത്തിയ നിരീക്ഷണത്തിലാണ് ഇവരെ പിടികൂടിയത്. കനീന്ദ്ര, കൊലീന്‍ എന്നിവരാണു പിടിയിലായതെന്ന് അഭ്യൂഹമുണ്ട്. പേരുകള്‍ ഇന്നു മാത്രമേ സ്ഥിരീകരിക്കൂ. കഴിഞ്ഞവര്‍ഷം കൊല്ലം സിറ്റി പോലീസും മിലിട്ടറി ഇന്‍റലിജന്‍സും ചേര്‍ന്ന് ഡീസന്‍റ്മുക്കിലെ കശുവണ്ടി ഫാക്ടറിയില്‍നിന്നു റിജിന ബസുമിത്രി, സ്വരംഗ് റാംജറെ എന്നീ ബോഡോ തീവ്രവാദികളെ പിടികൂടിയശേഷം ജില്ലയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. റിജിന ബസുമിത്രിയുടെയും സ്വരംഗിന്‍റെയും തീവ്രവാദബന്ധം അസം പോലീസാണു സ്ഥിരീകരിച്ചത്. ഇപ്പോള്‍ പിടിയിലായവരുടെ ചിത്രങ്ങളും പിടിച്ചെടുത്ത തിരിച്ചറിയല്‍ കാര്‍ഡുകളും അസം പോലീസിനു മിലിട്ടറി ഇന്‍റലിജന്‍സ് കൈമാറി. ഇവര്‍ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് അംഗങ്ങളാണെന്നു സ്ഥിരീകരിച്ചാല്‍ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനും മിലിട്ടറി ഇന്‍റലിജന്‍സ് നല്‍കിയിട്ടില്ല. ഒരുരാത്രി സെല്ലില്‍ സൂക്ഷിക്കാന്‍ മാത്രമാണു നിര്‍ദേശമെന്നു കൊല്ലം ഈസ്റ്റ് പോലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയുണ്ടായ കൊല്ലം കലക്ടറേറ്റ് സ്ഫോടനം ആന്ധ്രയിലെ ചിറ്റൂര്‍ കോടതിവളപ്പ് സ്ഫോടനത്തിനു സമാനമാണെന്നു രണ്ടിടത്തെയും പോലീസ് സ്ഥിരീകരിച്ചിരുന്നു. പിടിയിലായവര്‍ക്ക് ഈ സ്ഫോടനങ്ങളില്‍ പങ്കുണ്ടോയെന്നു മിലിട്ടറി ഇന്‍റലിജന്‍സ് പരിശോധിച്ചുവരുന്നു. കഴിഞ്ഞ ഏപ്രില്‍ ഏഴിനാണു ചിറ്റൂര്‍ കോടതിവളപ്പില്‍ പാര്‍ക്ക് ചെയ്ത ജീപ്പില്‍ സ്ഫോടനമുണ്ടായത്. കൊല്ലം കലക്ടറേറ്റിലുണ്ടായ സ്ഫോടനം ഇതിന്‍റെ നേര്‍പ്പകര്‍പ്പായിരുന്നു.