തിരുവനന്തപുരം : കേരളത്തിന്റെ പശ്ചാത്തല വികസനത്തിന് രണ്ട് ലക്ഷം കോടി രൂപയുടെ പൊതുനിക്ഷേപ ത്തിനുള്ള പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഇതിനായി കിഫ്ബി പോലെയുള്ള പുതിയ മാതൃകകൾ കൊണ്ടുവരും. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന്റെ 110-ാം വാർഷികദിനത്തിൽ മാധ്യമപ്രതിഭാസംഗമം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടുലക്ഷം കോടി രൂപ എന്നത് ചെറുതല്ല. എന്നാൽ ഇത് യാഥാർത്ഥ്യമാക്കാനാവും. ബജറ്റിൽ നിന്നും 75000 കോടി രൂപ വരെ പൊതുനിക്ഷേപം നടത്താം. രണ്ടുലക്ഷം കോടി രൂപയുടെ പൊതു നിക്ഷേപം നടത്തി കേരളത്തെ പരമ്പരാഗത വികസന രീതിയിൽ നിന്ന് മാറ്റിയേ മതിയാകൂ. വികസനത്തിൽ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്. പുതിയ പശ്ചാത്തല സൗകര്യങ്ങൾ വരുന്നതിന്റെ ഫലമായി അഭ്യസ്തവിദ്യർക്ക് കഴിവിന്റെ അടിസ്ഥാനത്തിൽ പുതിയ തൊഴിലവസരം സംസ്ഥാനത്ത് ഉണ്ടാകുകയും ചെയ്യും.
പൊതു നിക്ഷേപത്തിന് പണം സ്വരൂപിക്കാൻ വളരെ നൂതനമായ രീതികൾ അവലംബിക്കേണ്ടിവരും. കിഫ്ബി പണം സ്വരൂപിക്കുന്നത് സംസ്ഥാന വിരുദ്ധമായ നിബന്ധന സ്വീകരിച്ചല്ല. സംസ്ഥാന സർക്കാരിന് നേരിട്ട് വിവിധ സ്ഥാപനങ്ങളിൽ നിന്ന് പണം സ്വരൂപിക്കാനാവാത്തതിനാൽ പുതിയ സ്ഥാപനങ്ങൾ വഴി അത് നേടിയെടുക്കാം. വിവാദങ്ങളെ ഭയന്ന് പദ്ധതികളും ചുവടുവയ്പ്പുകളും വേണ്ടെന്ന് വയ്ക്കില്ല.
പത്രപ്രവർത്തനം കേവലം തൊഴിലല്ല, ലക്ഷ്യബോധമുള്ള സപര്യയാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച മഹാനായ പത്രാധിപരാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെന്ന് മന്ത്രി പറഞ്ഞു.അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷനായിരുന്നു. ഇപ്പോൾ ദുരവസ്ഥ നേരിടുന്ന സ്വദേശാഭിമാനിയുടെ നെയ്യാറ്റിൻകരയിലെ ജൻമഗൃഹം കേരളത്തിലെ മാധ്യമ വിദ്യാർഥികളുടെ തീർത്ഥാടന പഠനകേന്ദ്രമാക്കുന്നതിനുള്ള നടപടി തിരുവനന്തപുരം പ്രസ്‌ക്ലബുമായി സഹകരിച്ച് നടപ്പാക്കാൻ ശ്രമിക്കുമെന്ന് ചെയർമാൻ പറഞ്ഞു.
അക്കാദമി സെക്രട്ടറി എൻ.പി. സന്തോഷ് സ്വാഗതവും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. ശങ്കർ നന്ദിയും പറഞ്ഞു. മാധ്യമഫെലോഷിപ്പിന് അർഹായവർ പങ്കെടുത്ത കോൺഫറൻസിൽ പ്രമുഖ മാധ്യമപ്രവർത്തകൻ ജോസി ജോസഫ്, വിദ്യാഭ്യാസ വിദഗ്ധരായ ഡോ. അച്യുത് ശങ്കർ, ഡോ. മീനാ ടി പിളള എന്നിവർ ക്ലാസെടുത്തു. ഐസി ഫോസിന്റെ സാങ്കേതിക സഹകരണത്തോടെയാണ് വെർച്വൽ കോൺഫറൻസ് സംഘടിപ്പിച്ചത്.