കാസര്‍കോട്: പുതിയങ്ങാടിയിലെ രണ്ടു ബൂത്തുകളില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കള്ളവോട്ട് ചെയ്ത രണ്ടുപേരെ തിരിച്ചറിഞ്ഞു. 69ആം നമ്ബര്‍ ബൂത്തില്‍ ആഷിഖ് എന്നയാള്‍ രണ്ടു തവണയും, 70ആം ന്പര്‍ ബൂത്തില്‍ ഫായിസും വോട്ട് ചെയ്തെന്ന് കണ്ടെത്തി. രണ്ടുപേരോടും നാളെ രണ്ടുമണിക്ക് ഹാജരാകാന്‍ കളക്ടര്‍ നോട്ടീസ് നല്‍കി.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായാണ് പരാതി. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ ആഷിഖ്, ഫായിസ് എന്നിവര്‍ ഈ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്‌തെന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. തുടര്‍ന്ന് കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും സി.പി.എം. പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു.
പരിശോധിച്ച ദൃശ്യങ്ങളില്‍ നിന്ന് ഇതുവരെ ഒരാളെയാണ് തിരിച്ചറിഞ്ഞതെന്നും മറ്റ് ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ അതും പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഫായിസ് എന്നയാള്‍ 69ആം നമ്ബര്‍ ബൂത്തിലും 70ആം നമ്ബര്‍ ബൂത്തിലും വോട്ട് ചെയ്തതായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇരു ബൂത്തുകളിലും പോളിംഗ് ഏജന്റുമാര്‍ ഇതിനെ എതിര്‍ത്തില്ലെന്നും ബൂത്തിലെ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. കുറ്റാരോപിതനായ ഫായിസിനോട് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.