മംഗലാപുരം : ഒരു കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നായ ഹൈഡ്രപോണിക്കുമായി എംബിബിഎസ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടു പേരെ മംഗലാപുരത്ത് കേന്ദ്ര ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സുരത്കലില്‍ താമസിക്കുന്ന എംബിബിഎസ് വിദ്യാര്‍ത്ഥിയായ മീനു രശ്മി(27), കാസറകോട് സ്വദേശി അജ്മല്‍ ടി മംഗള്‍പടി(24) എന്നിവരാണ് അറസ്റ്റിലായത്.
മംഗലാപുരം , കാസറകോട് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുന്നതിനായി വിദേശത്ത് നിന്നുള്ള ഒരു ഡോക്ടറില്‍ നിന്ന് ഹൈഡ്രോപോണിക് വാങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത് .. മൂന്നാം പ്രതി വിദേശിയായ ഡോക്ടറെയും കൂട്ടാളികളെയും കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
പ്രതികളില്‍ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന 1.236 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെത്തുകയും ഇവരുടെ കാറില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഇന്‍സ്‌പെക്ടര്‍ മഹേഷ് പ്രസാദിന്റെ നേതൃത്വത്തിലുള്ള സിസിബി സംഘം ആണ് പ്രതിയെ പിടികൂടിയത്
വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ പ്രതികരിച്ചു. മയക്കുമരുന്ന് കടത്തുകാരില്‍ പലരും കേരളത്തിലെ കാസറകോട് ജില്ലയില്‍ നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. മയക്കു മരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ നടപടികള്‍ ആരംഭിച്ചെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
മയക്കുമരുന്ന് കടത്തും വിതരണവും പൂര്‍ണമായി ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുക്കുന്നതെന്ന് ശശി കുരമാര്‍ പറഞ്ഞു. ലഹരിമരുന്ന് പിടിച്ചെടുത്ത പൊലീസ് സംഘത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.