തിരുവനന്തപുരം : അയൽവാസികളും സഹപാഠികളും സമപ്രായക്കാരുമായ മുഹമ്മദ് ഇഗ്‌സാനും (15), മുഹമ്മദ് ബിലാലും (15), ആണ് നേമം വെള്ളായണി പറക്കോട്ട് കുളത്തിനുള്ളിലെ ചെളിയിൽ പുതഞ്ഞു മുങ്ങി മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ട് പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. കുളത്തിനുള്ളിലെ കിണറിൻ്റെ ആഴവും ചെളിയുടെ അളവിനെക്കുറിച്ചും അറിവില്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
ഫയർഫോഴ്‌സ് സ്‌കുബാ ടീം എത്തി ഇരുവരെയും പുറത്തെടുത്ത് തൊട്ടടുത്തുള്ള ശാന്തിവിള താലൂക്ക് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല .
നേമം നല്ലാണിക്കൽ ഷഫീഖ് മൻസിലിൽ ഷഫീഖ് – റസീന ദമ്പതികളുടെ മകനാണ് മുഹമ്മദ് ഇഗ്‌സാൻ (15) നല്ലാണിക്കൽ കട വീട്ടിൽ നജീ-മെഹർ ദമ്പതികളുടെ മകനാണ് മുഹമ്മദ് ബിലാൽ (15). ഇരുവരും നേമം വി വി എച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥികളാണ്. വ്യാഴം വൈകിട്ട് അഞ്ചോടെയാണ് സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനായി പറക്കോട് കുളത്തിൽ എത്തിയത്.
നവീകരണ പ്രവൃത്തികൾ നടക്കുന്ന കുളത്തിൽ രണ്ട് ദിവസമായി പെയ്ത മഴയിൽ വെള്ളം നിറഞ്ഞിരുന്നു. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ.