ഇന്ത്യ-പാക് അതിര്‍ത്തിയിൽ രണ്ട് ജയ്ഷേ മുഹമ്മദ് തീവ്രവാദികളെയും ഒരു പാക് ചാരനെയും സൈന്യം പിടികൂടി. ഇന്നലെ ബി എസ് എഫിന്‍റെ വെടിയേറ്റ് എഴ് സൈനികരും, ഒരു തീവ്രവാദിയും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അതിര്‍ത്തിയിലെ സാംബ, ബാരമുള്ള മേഖലകളിൽ നിന്ന് തീവ്രവാദികളെ പിടികൂടിയത്. അതിര്‍ത്തിയിൽ സൈന്യം അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
ജമ്മുകശ്മീരിലെ ബാരമുള്ളയിൽ കരസേനയും അതിര്‍ത്തി രക്ഷാസേനയും പൊലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് രണ്ട് ജയ്ഷേ മുഹമ്മദ് തീവ്രവാദികളെ പിടികൂടിയത്. ഇവരിൽ നിന്ന് എ.കെ.47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു. കരസേന നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഇന്നലെ ബി എസ് എഫ് നടത്തിയ ആക്രമണത്തിൽ ഏഴ് പാക് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടിരുന്നു. പ്രകോപനമില്ലാതെ തന്നെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിര്‍ക്കുന്ന പാക് സേനക്ക് ഇന്നലെ ഇന്ത്യ മറുപടി നൽകുകയായിരുന്നു. ഏഴ് സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്ന് കൂടുതൽ ആക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിയിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍ എസ് പുര ഉൾപ്പടെയുള്ള മേഖലകളിൽ രാവിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് സേന വെടിവെച്ചു. ഇതിനിടെയാണ് സാംബ മേഖലയിൽ ഒരു പാക് ചാരനെ സൈന്യം പിടികൂടിയത്. ഇയാളിൽ നിന്ന് പാക് സിംകാര്‍ഡുകളും സൈനിക നീക്കം വ്യക്തമാക്കുന്ന മാപ്പുകളും പിടിച്ചെടുത്തു. ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാനുള്ള ശ്രമത്തിലാണ് സൈന്യം.