തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ടൂവീലര്‍ മോഷണം നടത്തിവന്ന സംഘം അറസ്റ്റില്‍. വര്‍ക്കല പുത്തന്‍ചന്ത ചരുവിള വീട്ടില്‍ സുരേഷ് (58), വെട്ടൂര്‍ ചിനക്കര വീട്ടില്‍ അന്‍സില്‍ (18), കല്ലമ്ബലം തോട്ടയ്ക്കാട് അമീന് വില്ലയില്‍ അബ്ദുല്‍ ഒഫൂര്‍ (52) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്.
വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന പള്‍സര്‍ ബൈക്ക് മോഷണം പോയതിനെതുടര്ന്നുള്ള അന്വേഷണത്തിനൊടുവിലാണ് സംഘത്തെ പൊലീസ് വലയിലാക്കിയത്. നിലവില്‍ മൂന്ന് കേസുകളാണ് സമാനരീതിയില്‍ വര്‍ക്കല സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തുകയും തുച്ഛമായ പണം നല്കി ഈ വാഹനങ്ങള്‍ വാങ്ങി പൊളിച്ചുവില്‍ക്കുകയും ചെയ്തുവരുന്ന സംഘമാണിതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
അന്വേഷണത്തില്‍ വര്‍ക്കല സ്റ്റേഷന് പരിധിയിലെ മറ്റ് രണ്ട് ബൈക്കുകള്‍ കൂടി മോഷ്ടിച്ചെടുത്ത് പൊളിച്ചുവിറ്റതായി പ്രധാനപ്രതിയായ സുരേഷ് പൊലീസിന് മൊഴി നല്കി. അബ്ദുല്‍ ഒഫൂര്‍ ആണ് പൊളിച്ച ബൈക്കിന്റെ പാര്‍ട്സുകള്‍ വാങ്ങിയത്. ഇത്തരത്തില്‍ വാഹനങ്ങള്‍ മോഷണം നടത്തി പൊളിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്പന നടത്തുന്ന സംഘങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ്ങില്‍നിന്ന് കാണാതായ വാഹനത്തിന്റെ പാര്‍ട്സുകളും പ്രതികളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതുവഴി ലഭിക്കുന്ന പണംകൊണ്ട് കുട്ടികളെ വഴിവിട്ട ജീവിതരീതിയിലേക്ക് സംഘം തള്ളിവിടുകയാണ് ചെയ്യുന്നത്.
ജില്ല പൊലീസ് മേധാവി ഡി. ശില്പയുടെ നിര്‍ദേശാനുസരണം വര്‍ക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നേതൃത്വത്തില്‍ വര്‍ക്കല സി.ഐ സനോജ് എസ്, സബ് ഇന്‍സ്പെക്ടര്‍മാരായ രാഹുല്‍ പി.ആര്, മനോജ്, അസി. സബ് ഇന്‍സ്പെക്ടര്‍ ലിജോ ടോം ജോസ്, ഷാനവാസ്, ഫ്രാങ്ക്ളിന്, പൊലീസുകാരായ ഷിജു, ഷൈജു, ഷജീര്‍, പ്രശാന്ത് കുമാരന്, ശ്രീജിത്ത് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.
കുട്ടികളെകൊണ്ട് വാഹന മോഷണം പ്രോത്സാഹിപ്പിക്കുകയും മോഷണ വാഹനങ്ങളുടെ പാര്‍ട്സുകള്‍ വാങ്ങുന്ന ആക്രി വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഉള്ളവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.