യു.എ.ഇയില്‍ ഇന്ധന വില അടുത്ത മാസം ഒന്ന് മുതല്‍ വര്‍ധിക്കും. പുതുക്കിയ എണ്ണ നിരക്ക് ഊര്‍ജ്ജ മന്ത്രാലയം പ്രഖ്യാപിച്ചു. നവംബര്‍ ഒന്ന് മുതലാണ് യു.എ.ഇയില്‍ ഇന്ധന വില വര്‍ധിക്കുന്നത്. പെട്രോളിനും ഡീസലിനും വില വര്‍ധനയുണ്ട്. പെട്രോള്‍ സൂപ്പറിന് ഇനി മുതല്‍ ഒരു ദിര്‍ഹം 90 ഫില്‍സ് നല്‍കണം. നേരത്തെ ഇത് ഒരു ദിര്‍ഹം 81 ഫില്‍സ് ആയിരുന്നു. സ്പെഷ്യലിന് ഒരു ദിര്‍ഹം 70 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 79 ഫില്‍സായി വര്‍ധിക്കും. ഇ പ്ലസിന് ഒരു ദിര്‍ഹം 72 ഫില്‍സാണ് പുതുക്കിയ വില. നേരത്തെ ഇത് ലിറ്ററിന് ഒരു ദിര്‍ഹം 63 ഫില്‍സായിരുന്നു. പെട്രോള്‍ വിലയില്‍ ശരാശരി അഞ്ച് ശതമാനമാണ് വില വര്‍ധിക്കുന്നത്.
യു.എ.ഇ ഊര്‍ജ്ജ മന്ത്രാലയമാണ് പുതുക്കിയ വില വിവരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസല്‍ വിലയിലും വര്‍ധനവുണ്ട്. ലിറ്ററിന് 15 ഫില്‍സാണ് നവംബര്‍ ഒന്ന് മുതല്‍ ഡീസലിന്‍റെ വില വര്‍ധനവ്. ഒരു ദിര്‍ഹം 76 ഫില്‍സ് ഉണ്ടായിരുന്നത് ഇനി മുതല്‍ ഒരു ദിര്‍ഹം 91 ഫില്‍സ് നല്‍കണം. 8.5 ശതമാനത്തിന്‍റെ വര്‍ധനവാണ് ഡീസല്‍ വിലയില്‍ ഉണ്ടാവുക. ഓരോ മാസവും ഇന്ധന വിലയില്‍ പരിശോധന നടത്താനാണ് ഊര്‍ജ്ജ മന്ത്രാലയത്തിന്‍റെ തീരുമാനം. ഇതനുസരിച്ച് വില വര്‍ധിപ്പിക്കണോ കുറയ്ക്കണോ എന്ന് അധികൃതര്‍ തീരുമാനിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ധന വിലയില്‍ വര്‍ധവനാണ് രേഖപ്പെടുത്തുന്നത്.