ന്യൂയോര്‍ക്ക് • ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമം യുഎന്നിന്റെ സാങ്കേതികക്കുരുക്കില്‍ കുടുങ്ങിക്കിടക്കുന്നതിനെതിരെ ഇന്ത്യയുടെ രൂക്ഷവിമര്‍ശനം. ‘രക്ഷാസമിതിയിലെ തുല്യപ്രാതിനിധ്യവും അംഗത്വ വര്‍ധനയും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ രക്ഷാസമിതി നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. ഭീകരസംഘടനയായി യുഎന്‍ തന്നെ പ്രഖ്യാപിച്ച സംഘത്തിന്റെ തലവനെ ഭീകരപട്ടികയില്‍ പെടുത്താനാവാത്ത സ്ഥിതിവിശേഷം രാജ്യാന്തര സമൂഹത്തില്‍ പൊതുസഭയുടെ വിലയിടിക്കും. മസൂദ് അസ്ഹറിന്റെ വിഷയത്തില്‍ രക്ഷാസമിതി തീരുമാനമെടുക്കാന്‍ സ്വയം ഒന്‍പതുമാസത്തെ സാവകാശം അനുവദിച്ചുവെങ്കിലും ഒന്നും സംഭവിച്ചില്ല.
ഒച്ചിഴയുന്ന വേഗത്തിലാണു ചര്‍ച്ചകള്‍. ഇത്തരം തടസ്സങ്ങള്‍ മറികടന്നു മുന്നോട്ടുപോകേണ്ട സമയം അതിക്രമിച്ചു. പുതിയ ലോകക്രമത്തോടു കൂടുതല്‍ ക്രിയാത്മകമായി പ്രതികരിക്കാന്‍ രക്ഷാസമിതിക്കു കഴിയണം. സ്വയം സൃഷ്ടിച്ച സമയക്രമത്തിന്റെയും രാഷ്ട്രീയത്തിന്റെയും തടവിലാണു രക്ഷാസമിതിയെന്നും ഇന്ത്യ ആരോപിച്ചു. മസൂദ് അസ്ഹറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ രക്ഷാസമിതിയില്‍ ചൈനയാണു തടഞ്ഞത്. എതിര്‍പ്പിന്റെ കാലാവധി ആറു മാസത്തിനുശേഷം ചൈന വീണ്ടും സാങ്കേതികമായി നീട്ടിയതിനെതിരെയും എതിര്‍പ്പു മറികടക്കാന്‍ പൊതുസഭയ്ക്കോ രക്ഷാസമിതിക്കോ കഴിയാത്തതിനെയും ഇന്ത്യ നേരത്തേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.