പച്ചത്തുരുത്ത് സന്ദർശിച്ച് യു.എൻ. റസിഡന്റ് കോർഡിനേറ്റർ

16

നവകേരളം കർമപദ്ധതിക്കു കീഴിൽ ഹരിത കേരളം മിഷൻ സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയിലെ ആദ്യ പച്ചത്തുരുത്തിൽ യു.എൻ. റസിഡന്റ്സ് കോർഡിനേറ്റർ സന്ദർശനം നടത്തി. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് പഞ്ചായത്തിൽ മണലകം വാർഡിലെ വേങ്ങോട് പച്ചത്തുരുത്താണ് ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ റസിഡന്റ്് കോർഡിനേറ്റർ ഷോംബി ഷാർപ്പും സംഘവും സന്ദർശിച്ചത്.

മൂന്നുവർഷമെത്തും മുൻപുതന്നെ വേങ്ങോട് പച്ചത്തുരുത്ത് നന്നായി പുഷ്ടി പ്രാപിച്ചിട്ടുണ്ട്. അരമണിക്കൂറോളം പച്ചത്തുരുത്തിൽ ചെലവഴിച്ച യു.എൻ. സംഘം ഇവിടെ മൂന്ന് വൃക്ഷ തൈകളും നട്ടു. സമീപത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലും സന്ദർശനം നടത്തിയ സംഘം കേരള വികസന മാതൃകയേയും പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളെയും അഭിനന്ദിച്ചാണ് മടങ്ങിയത്.

പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. അനിൽ, വൈസ് പ്രസിഡന്റ് അനിത, ജില്ലാ പഞ്ചായത്ത് അംഗം കെ. വേണുഗോപാലൻനായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽകുമാർ എന്നിവരും വിവിധ വാർഡുകളിലെ ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിയും ഹരിത കേരളം മിഷൻ ഉദ്യോഗസ്ഥരും ചേർന്ന് യു.എൻ. സംഘത്തെ സ്വീകരിച്ചു. യു.എൻ. റസിഡന്റ് കോർഡിനേറ്ററുടെ പത്‌നിയും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

തുടർന്ന് തിരുവനന്തപുരം കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉള്ളൂരിൽ സ്ഥാപിച്ച അജൈവ മാലിന്യ സംഭരണകേന്ദ്രമായ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയും ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള എയ്റോബിക് ബിൻ സംവിധാനങ്ങളും സംഘം സന്ദർശിച്ചു. മുട്ടത്തറയിൽ സ്ഥാപിച്ച റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിലും സംഘം സന്ദർശനം നടത്തി. ക്ലീൻകേരള കമ്പനിയാണ് ഇവിടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിൽ ശ്രദ്ധേയമായ പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. ഇതിനകം 102 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെനിന്നും പുനഃചംക്രമണത്തിനായി കൈമാറിയിട്ടുണ്ട്.

NO COMMENTS