ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം വിജയങ്ങള്‍ എന്ന റെക്കോഡിന്റെ തിളക്കത്തിനിടയിലും അമേരിക്കയുടെ സെറീന വില്യംസിന് നിരാശ. യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ഫൈനല്‍ കാണാതെ സെറീന പുറത്തായി. ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയാണ് ടോപ് സീഡായ സെറീനയെ സെമിയില്‍ അട്ടിമറിച്ചത്. സ്കോര്‍ 2-6,6-7(7-5).ആദ്യ സെറ്റില്‍ കരോലിനയ്ക്ക് മുന്നില്‍ പൊരുതാന്‍ പോലും സെറീനയ്ക്ക് കഴിഞ്ഞില്ല. കേവലം 27 മിനിറ്റിനുള്ളില്‍ രണ്ട് ഗെയിം മാത്രം കൈവിട്ട് 6-2 ന് പ്ലിസ്കോവ ആദ്യ സെറ്റ് സ്വന്തമാക്കി.രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന സെറീന ഒപ്പത്തിനൊപ്പം മുന്നേറി. ഒരു ഘട്ടത്തില്‍ 5-4 ന്റെ ലീഡ് നേടി സെറ്റ് നേടുമെന്ന് തോന്നിച്ചു. എന്നാല്‍ അടുത്ത ഗെയിം നേടി കരോലിന തിരിച്ചുവന്നു. തൊട്ടടുത്ത ഗെയിം നേടി സെറീന തിരിച്ചടിച്ചു. ഏഴാമത്തെ എയിസിലൂടെ പ്ലിസ്കോവ 6-6 പിടിച്ചു.ട്രൈബ്രേക്കറില്‍ ഡബിള്‍ ഫോള്‍ട്ടുകള്‍ വിനയായതോടെ സെറീനയുടെ കിരീട പ്രതീക്ഷകള്‍ സെമിയില്‍ തന്നെ അവസാനിച്ചു. ലോക 11 ാം നമ്ബറായ പ്ലിസോകവ ഇതാദ്യമായാണ് ഒരു ഗ്രാന്‍സ്ലാം ഫൈനലിന് യോഗ്യത നേടുന്നത്.പുരുഷവിഭാഗം സിംഗിള്‍സില്‍ ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ചാമ്ബ്യനും ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവുമായ ആന്‍ഡി മറെ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു.