അബുദാബി: യുഎഇയിൽ ഗതാഗത നിയമങ്ങൾ കർശനമാക്കുന്നു. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി വിദേശികൾ അഞ്ചു വർഷത്തിലൊരിക്കൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കണം. മുന്പ് ഇതു പത്തു വർഷമായിരുന്നു. സ്വദേശികൾ പത്തുവർഷത്തിൽ ഒരിക്കൽ ലൈസൻസ് പുതുക്കേണ്ടിവരും. 1995 ട്രാഫിക് നിയമങ്ങളിലെ ചട്ടങ്ങൾ ഭേദഗതി ചെയ്താണ് പുതിയ ട്രാഫിക് നിയമം ആവിഷ്കരിച്ചത്. ഈ വർഷം ജൂലൈ മുതൽ പുതിയതായി ലൈസൻസ് എടുക്കുന്ന വിദേശികൾക്ക് രണ്ട് വർഷത്തെ കാലാവധിയുള്ള ലൈസൻസായിരിക്കും അനുവദിക്കുക. രണ്ടുവർഷം കഴിയുന്പോൾ അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി എടുക്കാം. പത്തുവർഷ കാലാവധിയുള്ള നിലവിലെ ലൈസൻസുകൾ കാലാവധി തീരുന്നതുവരെ ഉപയോഗിക്കാം. സ്കൂളുകൾ, ആശുപത്രികൾ, റെസിഡൻഷൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നത് പുതിയ നിയമത്തിന്റെ ആർട്ടിക്കിൾ 33 പ്രകാരം നിരോധിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം നിയമാനുസൃതമായ ലൈസൻസും പെർമിറ്റുമില്ലാതെ മോട്ടോർ ബൈക്ക് ഓടിക്കുന്നത് കുറ്റകരമാണ്. ഇലക്ട്രിക് സ്കൂട്ടറുകൾ, ട്രൈസൈക്കുകൾ, ക്വോഡ് ബൈക്കുകൾ എന്നിവയ്ക്കും ഇതേ നിയമം ബാധകമാണ്.