യുഎഇയില്‍ പൊതുമാപ്പ് ഇന്ന് മുതല്‍

154

യുഎഇ : അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് മുതല്‍ തുടങ്ങും. ‘രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായാണ് യുഎഇ പൊതുമാപ്പ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 31 വരെയാണ് കാലാവധി. ശിക്ഷാനടപടികളില്ലാതെ ചെറിയ ഫീസ് നല്‍കി രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് പോകാനോ യുഎ.ഇയില്‍ത്തന്നെ തുടരാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ് സംവിധാനം. വിസാ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്നവര്‍ക്ക് പൊതുമാപ്പിലൂടെ രേഖകള്‍ ശരിയാക്കിയാല്‍ പുതിയ ജോലി കണ്ടെത്തുന്നതിന് ആറുമാസത്തെ വിസ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. 2012ല്‍ ആണ് അവസാനമായി യുഎഇ പൊതുമാപ്പ് നല്‍കിയത്. പൊതുമാപ്പിന് ശേഷവും താമസരേഖകള്‍ ശരിയാക്കാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരും എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കനത്ത പിഴയും നാടുകടത്തലും ഉള്‍പ്പെടെയുള്ള നിയമനടപടികളുമാണ് ഇവര്‍ക്കെതിരെ ചുമത്തുക. അതേസമയം, രാജ്യത്തേക്ക് അനധികൃതമായി എത്തിയവര്‍ക്ക് പൊതുമാപ്പിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ല. രണ്ടുവര്‍ഷത്തേക്ക് അവര്‍ക്ക് പിന്നീട് രാജ്യത്ത് പ്രവേശിക്കാനാവില്ല.

NO COMMENTS