ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ ഇന്ന് വിധി

165

തിരുവനന്തപുരം : ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ ഇന്ന് വിധി പറയും. ആറു പൊലീസുകാര്‍ പ്രതിയായ കേസിലാണ് തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയുന്നത്. 13 വര്‍ഷം മുമ്പ് നടന്ന കസ്റ്റഡി കൊലപാതകത്തിലാണ് ഇന്ന് വിധി പറയുന്നത്. മോഷണ കുറ്റം ആരോപിച്ച്‌ ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുണ്ടായിരുന്ന പൊലീസുകാര്‍ ഉരുട്ടി കൊലപ്പെടുത്തിയെന്നും ഉന്നത ഉദ്യോഗസ്ഥര്‍ സംഭവത്തിന് ശേഷം ഗൂഢാലോചന നടത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്.
കൊലപ്പെടുത്തിയ പൊലീസുകാരെ രക്ഷിക്കാന്‍ വ്യാജ രേഖകള്‍ ചമച്ച്‌ ഉദയകുമാറിനെതിരെ മോഷണ കേസുമുണ്ടാക്കി. കൊലപാതകം, വ്യാജ രേഖ ചമയ്ക്കല്‍ എന്നിവയ്ക്ക് നല്‍കിയ രണ്ടു കുറ്റപത്രങ്ങള്‍ ഒരുമിച്ച്‌ പരിഗണിച്ചായിരുന്നു വിചാരണ.

പൊലീസുകാരായ കെ. ജിതകുമാര്‍, എസ്.വി. ശ്രീകുമാ‍ര്‍, എഎസ്‌ഐ കെ.വി. സോമന്‍, ഫോര്‍ട്ട് എസ്‌ഐയായിരുന്ന ടി. അജിത് കുമാര്‍, ഫോര്‍ട്ട് സിഐയായിരുന്ന ടി.കെ. സാബു, ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണറായിരുന്ന ഹരിദാസ് എന്നിവരാണ് പ്രതികള്‍. വിചാരണക്കിടെ എഎസ്‌ഐ കെ.വി. സോമന്‍ മരിച്ചു. കൊലപാതക കേസില്‍ സിബിഐ പ്രതിയാക്കിയിരുന്ന മോഹനെന്ന പൊലീസുകാരനെ കോടതി ഒഴിവാക്കി.

സിബിഐ പ്രതിയാക്കിയിരുന്ന ആറു പൊലീസുകാരെ മാപ്പു സാക്ഷിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യം കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തില്‍ വിചാരണ തുടങ്ങിയപ്പോള്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറി. ഇതേ തുടര്‍ന്ന് ഉദയകുമാറിന്‍റെ അമ്മ ഹൈക്കോടതിയില്‍ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്. ഉദയകുമാറിനൊടൊപ്പം കസ്റ്റഡിയിലെടുത്ത സുരേഷ് ഉള്‍പ്പെട അഞ്ചു സാക്ഷികളാണ് കൂറുമാറിയത്.

2005 സെപ്തംബര്‍ 27ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഉരുട്ടികൊല നടന്നത്. മോഷണകുറ്റം ആരോപിച്ച്‌ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെ എസ്‌ഐ അജിത്കുമാര്‍, സിഐ സാബു, ഫോര്‍ട്ട് അസിസ്റ്റ് കമ്മീഷണര്‍ ഹരിദാസ് എന്നിവര്‍ ചേര്‍ന്ന് ഗൂഢാേലാചന നടത്തുകയും ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ മോഷ്ണ മുതലായ 4220രൂപ പൊലീസ് പിടിച്ചെടുത്തെന്ന് വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നത്.

NO COMMENTS