തിരുവനന്തപുരം: യു ഡി എഫ് നേതൃയോഗം ഇന്നു ചേരും. വൈകിട്ട് മൂന്നു മണിക്ക് കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലും, പെമ്പിളൈ ഒരുമ പ്രവര്‍ത്തകരെകുറിച്ചും ദേവികുളം സബ്കളക്ടറെ കുറിച്ചും മന്ത്രി എം എം മണി നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകളും ചര്‍ച്ച ചെയ്യാനാണ് യോഗം. മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെ പി സി സി ഇന്ന് സംസ്ഥാന വ്യാപക സമരം തുടങ്ങാനിരിക്കെ യു ഡി എഫിന്റെ നേതൃത്വത്തിലുള്ള സമരങ്ങള്‍ എങ്ങനെ വേണമെന്ന് യോഗം തീരുമാനമെടുക്കും.സഭയ്ക്കകത്തും പുറത്തും വിഷയം സജീവമായി നിലനിര്‍ത്താനും സര്‍ക്കാരിന്റെ വീഴ്ചകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുമുളള പരിപാടികള്‍ക്കും യോഗം രൂപം നല്‍കും. ഇതിനിടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് പഞ്ചായത്ത് തലത്തില്‍ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്.. വൈകിട്ട് മഹിള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജില്ല കേന്ദ്രങ്ങളില്‍ സത്യഗ്രഹം നടത്തുമെന്നും കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ അറിയിച്ചിട്ടുണ്ട്.