കാസര്‍കോട്: നാൽപ്പത്തിയഞ്ച് വർഷങ്ങൾക്കു മുമ്പ് വീടുവിട്ട പോയ മകൻ മുഹമ്മദ് (62) തിരിച്ചത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് മുട്ടത്തൊടി ഹിദായത്ത് നഗറിലെ പരേതനായ സേഠ് അബ്ദുള്ളയുടെ ഭാര്യ നബീസ(85) ഈ ലോകത്തോട് വിടപറഞ്ഞത് . മകനെ കാണാനുള്ള ആ ഉമ്മയുടെ മോഹമാണ് അസ്തമിച്ചത് .മകന്‍ ഇനി കാണുക ഉമ്മയുടെ ചേതനയറ്റ ശരീരം.ബുധനാഴ്ച വൈകീട്ട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ജീവന്‍ വെടിയുമ്പോൾ പതിനേഴാം വയസ്സില്‍ നാടുവിട്ട മുഹമ്മദ് ചെന്നൈയില്‍നിന്ന് നാട്ടിലേക്കുള്ള തീവണ്ടിയില്‍ കയറാന്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുകയായിരുന്നു.
പലയിടത്തായി അലഞ്ഞും ഹോട്ടല്‍പ്പണിചെയ്തും വര്‍ഷങ്ങള്‍ തള്ളിനീക്കിയ മുഹമ്മദിനെ ചെന്നൈയിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരാണ് കണ്ടെത്തി നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കിയത്. മുഹമ്മദിനെ കൂട്ടിക്കൊണ്ടുപോകാന്‍ സഹോദരന്‍ കുഞ്ഞുമുഹമ്മദ് എത്തിയിരുന്നു. കൗമാരത്തില്‍ വീടുവിട്ട മുഹമ്മദിന് ഇപ്പോള്‍ വയോധികന്റെ ഛായയാണ്. തനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് ഇക്ക വീടുവിട്ടതെന്നത് മാത്രമായിരുന്നു കുഞ്ഞുമുഹമ്മദിന് സഹോദരനെക്കുറിച്ചുള്ള അടയാളം. ഏതാനും ദിവസംമുമ്ബ് വാട്സാപ്പില്‍ ചിത്രം ലഭിച്ചതോടെ മുഖപരിചയമായി. സഹോദരനെ നാട്ടിലേക്കുകൊണ്ടുപോകാന്‍ ബുധനാഴ്ച രാവിലെയാണ് കുഞ്ഞുമുഹമ്മദ് അയല്‍വാസി ഷുഹൈബിനെക്കൂട്ടി ചെന്നൈയിലെത്തിയത്.
പെരമ്ബൂര്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹി പ്രദീപിന്റെ വീട്ടിലാണെത്തിയത്. ഭാരവാഹി കളായ സജീവന്‍, പ്രഷീദ്കുമാര്‍ എന്നിവര്‍ക്കൊപ്പം രാവിലെ പതിനൊന്നരയോടെ ചെന്നൈ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ റെഡ്ഹില്‍സിലുള്ള ‘അഭയം’ ഹോമിലെത്തി. ശാരീരികാസ്വാസ്ഥ്യം കാരണം കുറച്ചുദിവസമായി മുഹമ്മദിനെ അവിടെ പാര്‍പ്പിച്ചിരിക്കയായിരുന്നു. അനുജനെ കണ്ടപ്പോള്‍ മുഹമ്മദ് ഇമവെട്ടാതെ നോക്കി. തൊട്ടരികിലിരുന്ന് കുഞ്ഞുമുഹമ്മദ് സഹോദരന്റെ കൈ ചേര്‍ത്തുപിടിച്ചു. ഇരുവരുടെയും മുഖത്ത് പതുക്കെ പുഞ്ചിരിവിടര്‍ന്നു. 31 വര്‍ഷംമുമ്ബ് ബാപ്പ മരിച്ച വിവരം കുഞ്ഞുമുഹമ്മദ് അറിയിച്ചു. ഉമ്മ കിടപ്പിലാണെന്നുപറഞ്ഞു. ഉമ്മയെ കാണാന്‍ ആഗ്രഹമില്ലേ എന്നുചോദിച്ചപ്പോള്‍ മുഹമ്മദിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.
വര്‍ഷങ്ങളായി മകനെ കാത്തിരിക്കുന്ന ഉമ്മയുടെ മുമ്പിൽ മുഹമ്മദിനെ എത്തിക്കാമെന്ന സന്തോഷത്തിലായിരുന്നു കുഞ്ഞുമുഹമ്മദ്. തീവണ്ടികയറുന്നതിനു മുമ്പ് എത്തിയ മരണവാര്‍ത്തകേട്ട് ഇരുവരും പൊട്ടിക്കരഞ്ഞു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ കാസര്‍കോട്ടെത്തും. പത്തുമണിയോടെ ആലമ്ബാടി ഖിളര്‍ ജുമാ മസ്ജിദിലാണ് ഖബറടക്കം. മറ്റുമക്കള്‍: ഇബ്രാഹിം, സുലൈഖ, ആയിഷ, റുഖിയ, പരേതയായ ബീഫാത്തിമ. മരുമക്കള്‍: സയിറ, സെയ്ദ, മുഹമ്മദ്, അബ്ബാസ്, മുഹമ്മദ്, പരേതനായ അബ്ദുള്‍ ഖാദര്‍.