മലപ്പുറം ജില്ലയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അനധികൃത മായി അതിര്‍ത്തി കടന്ന് ജില്ലയിലെത്തുന്നവരെ തടയാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. ഇതര സംസ്ഥാനങ്ങള്‍, അതിര്‍ത്തി ജില്ലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത പ്രവേശനം തടയുന്നതിനും ഇങ്ങനെ എത്തുന്നവരുടെ വിവരങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും പഞ്ചായത്ത്-വാര്‍ഡ് തല ജനകീയ നിരീക്ഷണ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
സമിതികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. അതിര്‍ത്തി സംസ്ഥാനങ്ങള്‍, ജില്ലകള്‍ എന്നിവിടങ്ങളില്‍ നിന്നായി അനധികൃതമായി പലവിധ മാര്‍ഗ്ഗങ്ങളിലൂടെ പലരും ജില്ലയില്‍ പ്രവേശിക്കുകയും പൊതുജനങ്ങളുമായി ഇടപഴകി രോഗവ്യാപനത്തിന് ഇടയാക്കുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജനകീയ സമിതികള്‍ രൂപീകരിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ ഗ്രാമപഞ്ചായത്ത് ജനകീയ സമിതിയില്‍ ഏസ്.എച്ച്.ഒ, പഞ്ചായത്ത് സെക്രട്ടറി, അതിര്‍ത്തി ഉള്‍ക്കൊള്ളുന്ന വാര്‍ഡുകളിലെ ജനപ്രതിനിധികള്‍, വില്ലേജ് ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. വാര്‍ഡ് തല അതിര്‍ത്തി നിരീക്ഷണ സമിതികളുടെ മേല്‍നോട്ടവും അവര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതും പഞ്ചായത്ത് നിരീക്ഷണ സമിതിയായിരിക്കും. മേലധികാരികള്‍ക്കുള്ള ആവശ്യമായ റിപ്പോര്‍ട്ടുകള്‍, പരിഹാര നടപടികള്‍ തുടങ്ങിയവ സമയാസമയങ്ങളില്‍ പഞ്ചായത്ത് നിരീക്ഷണ ജനകീയ സമിതി നല്‍കും.
വാര്‍ഡ് മെമ്പര്‍ ചെയര്‍മാനായ വാര്‍ഡ് തല സമിതിയില്‍ സിവില്‍ പൊലീസ് ഓഫീസര്‍, വാര്‍ഡ് റാപ്പിഡ് റെസ്പോണ്‍സ് ടീം, വാര്‍ഡ് തല വളന്റിയര്‍മാര്‍, ജനമൈത്രി പൊലീസ്, ചെയര്മാന് നിശ്ചയിക്കുന്ന ജീവനക്കാര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ചുവടെ പറയുന്നു.
• വാര്‍ഡ് തല നിരീക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ പ്രധാന അതിര്‍ത്തി/പ്രവേശന കവാടം അല്ലാതെയുള്ള വനാതിര്‍ത്തികള്‍, കാനന പാതകള്‍ , നാട്ടിടവഴികള്‍, സ്വകാര്യ ഭൂമികള്‍ , പുഴകള്‍, തോടുകള്‍, തുടങ്ങിയ പാതകളിലൂടെ ജില്ലയിലേക്കുള്ള മുഴുവന്‍ അനധികൃത പ്രവേശനവും തടയും.
• അനധികൃതമായി ജില്ലയിലേക്ക് പ്രവേശിക്കുന്നവരെ ഷെല്‍ട്ടര്‍/ക്വാറന്റൈനിലേക്ക് പ്രവേശിപ്പിക്കാന്‍ വാര്‍ഡ് തല സമിതികള്‍ നടപടി സ്വീകരിക്കും.
• അനധികൃത പ്രവേശനം സാധ്യമാകുന്ന എല്ലാ പോയിന്റുകളും അടക്കുകയും ആവശ്യമായ നിരീക്ഷണം/കാവല്‍ ഏര്‍പ്പെടുത്തും.
• ആവശ്യമെങ്കില്‍ കൂടുതല്‍ വളന്റിയര്‍മാര്‍, ജനമൈത്രി പൊലീസ് തുടങ്ങിയവരെ അതിര്‍ത്തികളില്‍ നിയോഗിക്കുന്നതിന് പഞ്ചായത്ത് തല അതിര്‍ത്തി നിരീക്ഷണ സമിതിയോട് വാര്‍ഡ്തല സമിതിക്ക് നിര്‍ദേശിക്കാം.
• വാഹനം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും പഞ്ചായത്ത് തല അതിര്‍ത്തി നിരീക്ഷണ സമിതി വാര്‍ഡ് തല സമിതിക്ക് ഒരുക്കും.