നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എം എല്‍ എ മാരുമായുള്ള യോഗത്തിന് ശേഷം ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശിവസേന തലവന്‍ ഉദ്ധവ് താക്കറെയ സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോർട്ട് .
ഒക്ടോബര്‍ 30ന് അമിത് ഷാ- ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടന്നാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച ശിവസേനയുടെ ആവശ്യത്തിന് രാഷ്ട്രീയ പ്രാധാന്യം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒക്ടോബര്‍ 30ന് മുംബൈയിലാണ് ബിജെപി നിയമസഭാ കക്ഷി യോഗം നടക്കുന്നത്.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എം എല്‍ എ മാര്‍ക്ക് പുറമേ സംസ്ഥാന തലത്തിലുള്ള ബിജെപി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് പുറമേ മഹാരാഷ്ട്രയുടെ അധിക ചുമതലയുള്ള സരോജ് പാണ്ഡെയും പങ്കെടുക്കുമെന്ന് ബിജെപി എംഎല്‍സി ഗിരീഷ് വ്യാസ് പറഞ്ഞു. ഈ യോഗത്തിന് ശേഷം അമിത് ഷാ ഉദ്ധവ് താക്കറെയെ സന്ദര്‍ശിക്കുമെന്നാണ് ഗിരീഷ് വ്യാസ് സൂചിപ്പിക്കുന്നത്.
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ശിവസേന.ബിജെപി സംസ്ഥാനത്ത് 105 സീറ്റ് നേടിയപ്പോള്‍ ശിവസേനക്ക് നേടാന്‍ കഴിഞ്ഞത് 56 സീറ്റുകള്‍ മാത്രമാണ്. എന്നാല്‍ കുറച്ച് സീറ്റുകളില്‍ മാത്രമേ വിജയിച്ചിട്ടൂള്ളൂവെങ്കിലും അധികാരത്തിന്റെ റിമോര്‍ട്ട് കണ്‍ട്രോള്‍ തങ്ങളുടെ കയ്യിലാണെന്നാണ് ശിവസേന നേതാവ് സഞ്ജയ് റൌട്ട് ചൂണ്ടിക്കാണിക്കുന്നത്.
മഹാരാഷ്ട്രയില്‍ ശിവസേന- ബിജെപി സഖ്യം അധികാരത്തിലെത്തുമ്ബോള്‍ അധികാരം തുല്യമായി പങ്കുവെക്കും എന്നത് സംബന്ധിച്ച് ഉറപ്പ് എഴുതിക്കിട്ടണം എന്നാണ് താക്കറെ ശനിയാഴ്ച സ്വീകരിച്ച നിലപാട്. കഴിഞ്ഞ തവണത്തേതില്‍ നിന്ന് വിഭിന്നമായി തിരഞ്ഞെടുപ്പിന് മുമ്ബേ തന്നെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ സഖ്യമായാണ് മത്സരിക്കുന്നതെന്ന് ഇരു പാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സര്‍ക്കാര്‍ രൂപീ കരണത്തിലേക്ക് കടന്നതോടെയാണ് ഇരു പാര്‍ട്ടികള്‍ക്കുമിടയിലുള്ള അസ്വാരസ്യം മറനീക്കി പുറത്തുവരുന്നത്.