വെള്ളത്തിനടിയിലെ നിരീക്ഷണത്തിന് ഡ്രോണ്‍: മേക്കര്‍ വില്ലേജ് വിജയി അമേരിക്കയിലേക്ക്

142

കൊച്ചി: അമേരിക്കയില്‍ നടക്കുന്ന വന്‍സമ്മാനത്തുകയുള്ള ആഗോള ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ മേക്കര്‍ വില്ലേജില്‍ രൂപകല്പന ചെയ്ത ഡ്രോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. കപ്പലുകളടക്കമുള്ള യാനങ്ങള്‍ക്കുവേണ്ടി ജലാന്തര്‍ഭാഗ ദൃശ്യങ്ങള്‍ തത്സമയം ചിത്രീകരിക്കുന്ന ‘ഐറോവ്’ എന്ന റോബോട്ട് ഡ്രോണ്‍ ആണ് കൊച്ചി ഇലക്‌ട്രോണിക് ഇന്‍ക്യുബേറ്ററായ മേക്കര്‍ വില്ലേജില്‍ നടന്ന പ്രാഥമിക മത്സരത്തില്‍ വിജയിച്ചത്. അമേരിക്കയില്‍ 35 ലക്ഷം രൂപ സമ്മാനത്തുക നല്‍കുന്ന ഹാര്‍ഡ്‌വെയര്‍ മത്സരത്തിനുവേണ്ടി ആ രാജ്യത്തിനു പുറത്ത് ഇതാദ്യമായാണ് ആല്‍ഫാലാബ് ഗിയര്‍ നാഷനല്‍ ഹാര്‍ഡ്‌വെയര്‍ കപ്പ് മത്സരം സംഘടിപ്പിക്കപ്പെടുന്നത്. ജോണ്‍സ് ടി. മത്തായി, കണ്ണപ്പ പളനിയപ്പന്‍ പി. എന്നിവര്‍ വികസിപ്പിച്ചെടുത്ത ഡ്രോണിനെ 35 അപേക്ഷകരിലെ ഏഴ് ഫൈനലിസ്റ്റുകളില്‍നിന്നാണ് തെരഞ്ഞെടുത്തത്. അടുത്ത മൂന്ന് മുതല്‍ ആറ് മാസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ഉത്പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ തയ്യാറായിരിക്കുന്ന ഹാര്‍ഡ്‌വെയര്‍ ടെക് സ്റ്റാര്‍ട്ടപ്പുകളെ വിലയിരുത്താനായിരുന്നു മത്സരത്തിന്റെ ആദ്യ ഇന്ത്യന്‍ പതിപ്പ് കൊച്ചിയില്‍ നടത്തിയത്.

50 മീറ്റര്‍ ആഴത്തിലേക്കുവരെ പോകാവുന്ന ഐറോവിന് കപ്പലുകളുടെ അടിത്തട്ട്, സമുദ്രാന്തര്‍ഭാഗ കേബിളുകള്‍, പാലങ്ങളുടെ തൂണുകള്‍ തുടങ്ങിയവയുടെ റിയല്‍-ടൈം എച്ച്ഡി വിഡിയോ എടുക്കുക വഴി മുങ്ങല്‍വിദഗ്ധര്‍ ഭൗതികമായി എത്തി വിലയിരുത്തേണ്ട സാഹചര്യം ഒഴിവാക്കാന്‍ സാധിക്കും. ഇന്ത്യയുടെ ആദ്യ സോളാര്‍ ഫെറിയില്‍ വൈക്കത്താണ് ഐറോവ് ആദ്യമായി പരീക്ഷിച്ചത്. കപ്പലുകള്‍, തുറമുഖങ്ങള്‍, അണക്കെട്ടുകള്‍, ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍, സെര്‍ച്ച് ആന്‍ഡ് റസ്‌ക്യൂ ഓപ്പറേഷനുകള്‍, നേവിയുടെ മൈന്‍ ഡിറ്റക്ഷന്‍, സമുദ്രപഠനം തുടങ്ങിയ മേഖലകളില്‍ ഉപയോഗിക്കാവുന്നതാണ് ഐറോവ്. മേക്കര്‍ വില്ലേജില്‍ ഇന്‍ക്യുബേറ്റ് ചെയ്യപ്പെട്ട സംഘത്തിന് 25,000 രൂപയുടെ ക്യാഷ് പ്രൈസ് ലഭിക്കും. ഏപ്രില്‍ 18,19 തിയതികളിലായി പിറ്റ്‌സ്ബര്‍ഗില്‍ നടക്കുന്ന ഫൈനല്‍ മത്സരങ്ങളില്‍ ഏഴ് അമേരിക്കന്‍ പ്രാദേശിക വിജയികളോടും അഞ്ച് അന്താരാഷ്ട്ര വിജയികളോടും ഒപ്പമാണ് 35 ലക്ഷം രൂപയുടെ ഗ്രാന്‍ഡ് പ്രൈസിനായി ഇവര്‍ മത്സരിക്കുക. വിജയികള്‍ക്ക് മറ്റ് അനേകം സമ്മാനങ്ങള്‍ കൂടാതെ ആല്‍ഫാലാബ്‌സ് ഗിയറില്‍ മൂന്ന് മുതല്‍ ആറ് മാസം വരെ പ്രവര്‍ത്തനപഠനം നടത്താനും അവസരം ലഭിക്കും. ഇന്ത്യാ മത്സരത്തിലെ വിജയികളുടെ അമേരിക്കയിലേക്കുള്ള യാത്ര ആല്‍ഫാലാബ്‌സ് ഗിയര്‍, ടൈ (ദ് ഇന്‍ഡസ് ഓണ്‍ട്രപ്രെന്യേഴ്‌സ്-ഠശഋ) പിറ്റ്‌സ്ബര്‍ഗ് ചാപ്റ്റര്‍, മേക്കര്‍ വില്ലേജ് എന്നിവരാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

തേനീച്ചകളുടെ നീക്കം പ്രവചിക്കുന്ന സംവിധാനം, അക്രമികളെ ഷോക്കടിപ്പിക്കുകയും മുന്നറിയിപ്പ് സന്ദേശം നിശ്ചിത നംബറുകളിലേക്ക് അയക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്കായുള്ള സുരക്ഷാ വസ്ത്രം, സ്‌ട്രെസ് മാനേജ്‌മെന്റിനായി തലച്ചോറിലെ തരംഗങ്ങള്‍ നിരീക്ഷിച്ചുപ്രവര്‍ത്തിക്കുന്ന ഹെഡ്‌ഫോണ്‍, വീടുകള്‍ റിമോട്ടായി പൂട്ടാനും തുറക്കാനുമുള്ള സംവിധാനം, ഉയര്‍ന്ന വിലയുള്ള ഉത്പ്പന്നങ്ങളുടെ കണക്കെടുപ്പിനും ട്രാക്കിങ്ങിനുമായി ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്) സംവിധാനം, അംഗപരിമിതര്‍ക്കായി ചലനനിയന്ത്രിതമായ കണ്ണട മുതലായ ഉത്പ്പന്നങ്ങളോട് മത്സരിച്ചാണ് ഐറോവ് വിജയിച്ചത്. പങ്കെടുത്തവരെല്ലാം മികച്ച നിലവാരം പുലര്‍ത്തിയതിനാല്‍ വിജയിയെ തെരഞ്ഞെടുക്കുക പ്രയാസമേറിയതായിരുന്നെന്ന് മത്സരത്തിന്റെ പ്രധാന സംഘാടകരായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം എനേബ്‌ളിംഗ് സംരംഭമായ ഫണ്ട്ക്ലൗഡ് പാര്‍ട്ട്‌ണേഴ്‌സ് സ്ഥാപക തേന്‍മൊഴി ഷണ്‍മുഖം പറഞ്ഞു. മത്സരത്തില്‍ അവതരിപ്പിച്ച ആശയങ്ങളെല്ലാം മികവുറ്റവയായിരുന്നു. ആല്‍ഫാലാബ്‌സ് ഗിയര്‍ നല്‍കുന്ന ഇടം, നെറ്റ്‌വര്‍ക്ക്, നിര്‍മാണ മാര്‍ഗനിര്‍ദേശങ്ങള്‍, വിപണിസാമീപ്യം, വികസനത്തിനായുള്ള ഇക്കോസിസ്റ്റം എന്നിവ പരമാവധി ഉപയോഗിക്കാവുന്ന സ്റ്റാര്‍ട്ടപ്പിനെ തെരഞ്ഞെടുക്കുകയായിരുന്നു ലക്ഷ്യമെന്നും തേന്‍മൊഴി കൂട്ടിച്ചേര്‍ത്തു. തേന്‍മൊഴി ഷണ്‍മുഖം, കേരളത്തിലും അമേരിക്കയിലുമായി പ്രാരംഭഘട്ട ഫണ്ട് ലഭ്യമാക്കുന്ന കോംഗ്ലോ വെഞ്ചേഴ്‌സിലെ ജയേഷ് പി., നെസ്റ്റ് ഇന്‍ഫോടെക്കിന്റെ പ്രധാന കരാര്‍ നിര്‍മാണ പങ്കാളിയായ എസ്എഫ്ഒ ടെക്‌നോളജീസിലെ ശ്രീകുമാര്‍ വി. എം., മേക്കര്‍ വില്ലേജ് ചീഫ് കണ്‍സല്‍റ്റന്റ് പ്രൊഫ. എസ്. രാജീവ് എന്നിവരടങ്ങിയ പാനലാണ് വിധിനിര്‍ണയം നടത്തിയത്.

ഭാവി ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവകാശങ്ങള്‍, മികച്ച ഗുണനിലവാരമുള്ള ടീം, വിപണിസാധ്യതയുള്ള ഉത്പ്പന്നം എന്നിവ ഉള്‍പ്പെടെയുള്ള നൂതനവും സവിശേഷവുമായ മാനദണ്ഡങ്ങളാണ് തെരഞ്ഞെടുക്കലില്‍ ഉണ്ടായിരുന്നെതെന്ന് പ്രൊഫ. രാജീവ് പറഞ്ഞു. മേക്കര്‍ വില്ലെജില്‍ നടന്ന മത്സരം ലോകോത്തരമായ ആവിഷ്‌കാരങ്ങള്‍ ഇന്ത്യയിലും ആരംഭിക്കുന്നത് കാണിച്ചുതന്നു. ഐറോവ് ടീം അമേരിക്കയിലെ ഫൈനല്‍ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY