ന്യുയോര്‍ക്ക്: ന്യുയോര്‍ക്കിലെ കുപ്രസിദ്ധ മാഫിയാ തലവന്‍ ഫ്രാന്‍സെസോ ഫ്രാങ്ക് കാളി കൊല്ലപ്പെട്ടു. സ്റ്റേറ്റന്‍ ഐലന്‍ഡിലെ വീടിനു പുറത്ത് വെടിയേറ്റ നിലയില്‍ കണ്ടെത്തിയ കാളിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കുപ്രസിദ്ധ ഗാംബിനോ കുടുംബത്തിന്റെ തലവനായിരുന്നു കാളി.
2015 മുതല്‍ ഗാംബിനോ ക്രിമിനല്‍ കുടുംബത്തെ നയിച്ചിരുന്നത് കാളിയായിരുന്നു. സിലിഷ്യയിലെ കുറ്റവാളി സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കാളി, ഇറ്റലിയിലേക്കും തന്റെ ക്രിമിനല്‍ ബന്ധങ്ങള്‍ വ്യാപിപ്പിച്ചു. ബുധനാഴ്ച രാത്രിയാണു കാളി കൊല്ലപ്പെട്ടതെന്നാണു പോലീസ് പറയുന്നത്. ഫ്രാങ്ക് ബോയി എന്നറിയപ്പെടുന്ന കാളിക്ക് ആറു തവണ വെടിയേറ്റു. ഇതിനുശേഷം കാളിയെ അക്രമികള്‍ വാഹനമിടിപ്പിക്കുകയും ചെയ്തു. ശ്രദ്ധയില്‍പ്പെട്ടയുടന്‍ കാളിയെ സ്റ്റേറ്റന്‍ ഐലന്‍ഡിലെ യൂണിവേഴ്സിറ്റി നോര്‍ത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊലയാളികളെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ന്യുയോര്‍ക്കിലെ അഞ്ച് കുപ്രസിദ്ധ ഇറ്റാലിയന്‍ ക്രിമിനല്‍ കുടുംബങ്ങളില്‍ ഒന്നാണ് ഗാംബിനോ. 34 വര്‍ഷത്തിനിടെ ആദ്യമായാണ് ന്യുയോര്‍ക്കിലെ ഒരു ക്രിമിനല്‍ കുടുംബത്തിന്റെ തലവന്‍ കൊല്ലപ്പെടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു മുന്‍പ് പോള്‍ കാസ്റ്റലാനോ എന്ന ഗാംബിനോ കുടുംബത്തിന്റെ തന്നെ തലവനാണ് കൊല്ലപ്പെട്ടത്.
കുപ്രസിദ്ധ ടെഫ്ളോണ്‍ ഡോണ്‍ എന്നറിയപ്പെടുന്ന ജോണ്‍ ഗോട്ടിയുടെ നിര്‍ദേശപ്രകാരമായിരുന്നു കൊല. ഇതിനുശേഷം ഗോട്ടി ഗാംബിനോ കുടുംബത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 1992-ല്‍ പോലീസ് ഗോട്ടിയെ അറസ്റ്റ് ചെയ്തു. 2002-ല്‍ ഇയാള്‍ ജയിലില്‍ മരിച്ചു.