ന്യൂഡല്‍ഹി• ഏകീകൃത സിവില്‍നിയമം നടപ്പാക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഖിലേന്ത്യാ മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ്. ഇന്ത്യയെപ്പോലൊരു രാജ്യത്തിന്റെ സംസ്കാരത്തിന് ഒരുതരത്തിലും യോജിച്ചതല്ല ഏകീകൃത സിവില്‍നിയമമെന്നും മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ് അഭിപ്രായപ്പെട്ടു.മൂന്നു തവണ തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നതുള്‍പ്പെടെ വിവിധ മതങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നിലവിലുള്ള ദുരാചാരങ്ങളെക്കുറിച്ചുള്ള പൊതുജനാഭിപ്രായം മനസിലാക്കാനെന്ന പേരില്‍ നിയമ കമ്മിഷന്‍ പുറത്തിറക്കിയ ചോദ്യാവലി ശുദ്ധതട്ടിപ്പാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. നിയമ കമ്മിഷന്റേത് സ്വതന്ത്രമായുള്ള പ്രവര്‍ത്തനമല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായാണ് അവര്‍ പെരുമാറുന്നതെന്നും മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ് ആരോപിച്ചു.
ഏകീകൃത സിവില്‍ നിയമം നടപ്പിലാകുന്നത് രാജ്യത്തിന് നല്ലതല്ല. പല സംസ്കാരങ്ങളുള്ള രാജ്യമാണിത്. അവയെ ബഹുമാനിച്ചേ തീരൂ. എല്ലാവര്‍ക്കുമായി ഒരു പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം വിലപ്പോകില്ലെന്നും അവര്‍ പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ചില അവകാശങ്ങളുടെ പേരിലാണ് ഞങ്ങള്‍ ഇവിടെ ജീവിക്കുന്നത്. ഈ മതത്തില്‍ വിശ്വസിക്കാനും മതാചാരങ്ങള്‍ പാലിക്കാനും ഭരണഘടന ഞങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ട്. യുഎസിലുള്‍പ്പെടെ വ്യക്തിനിയമങ്ങളാണ് എല്ലാവരും പിന്തുടരുന്നത്. ഇക്കാര്യത്തില്‍ മാത്രം എന്തുകൊണ്ട് യുഎസിന്റെ പാത നാം പിന്തുടരുന്നില്ല – മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ഹസ്റത് മൗലാനാ വാലി റഹ്മാനി ചോദിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ മറ്റുള്ളവരോളംതന്നെ പങ്കുചേര്‍ന്നവരാണ് മുസ്‍ലിംകളും. എന്നാല്‍, ഇതിനെ വിലകുറച്ചു കാണാനേ എല്ലാവരും ശ്രമിച്ചിട്ടുള്ളൂ – റഹ്മാനി പറഞ്ഞു.
അടുപ്പിച്ചു മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന സമ്ബ്രദായത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തിരുന്നു. ഇന്ത്യയെപ്പോലൊരു മതേതര രാജ്യത്ത് മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നതിന് സ്ഥാനമില്ലെന്നും ഇത് മതത്തിലെ ഒരു സുപ്രധാന ഭാഗമായി കാണാന്‍ സാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.