ന്യൂഡല്‍ഹി• മുത്തലാഖും ബഹുഭാര്യത്വവുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഭിപ്രായമാരാഞ്ഞ് ദേശീയ നിയമ കമ്മിഷന്‍ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്കരിക്കാനുള്ള മുസ്ലിം വ്യക്തി നിയമ ബോര്ഡിന്റെ തീരുമാനത്തിനെതിരെ മുസ്ലിം വനിതാ സംഘടനകള്‍ രംഗത്ത്. മുസ്ലിം മഹിളാ ഫൗണ്ടേഷന്‍, ഭാരതീയ മുസ്ലിം വനിതാ ആന്ദോളന്‍ തുടങ്ങിയ സംഘടനകളാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. അതേസമയം, ഏക വ്യക്തി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഭരണഘടനാ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നു ബറേല്‍വി പണ്ഡിത സഭ കുറ്റപ്പെടുത്തി.മുസ്ലിം വ്യക്തി നിയമത്തെ ബോര്‍ഡ് സ്വന്തം അജന്‍ഡയ്ക്കനുസരിച്ചു വളച്ചൊടിക്കുകയാണെന്നു മുസ്ലിം മഹിളാ ഫൗണ്ടേഷന്‍ പ്രസിഡന്റ് നസ്നീന്‍ അന്‍സാരി പറഞ്ഞു.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ച ഉയര്‍ന്നുവരുമ്ബോള്‍ മാത്രം മുസ്ലിം വ്യക്തി നിയമം ഉയര്‍ത്തി എതിര്‍ക്കുന്നത് എന്തിനാണ്? സ്ത്രീ പീഡനമുള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ പ്രതികളാകുന്ന പുരുഷന്മാര്‍ക്കു മുസ്ലിം വ്യക്തി നിയമം അനുസരിച്ചുള്ള ശിക്ഷ നല്‍കാന്‍ ഇവര്‍ സമ്മര്‍ദം ചെലുത്തുമോയെന്നു നസ്നീന്‍ ചോദിച്ചു. ദേശീയ നിയമ കമ്മിഷന്‍ ചോദ്യാവലിയെ രാഷ്ട്രീയവല്‍ക്കരിച്ച് വിഷയം വഴിതിരിച്ചുവിടാനാണു വ്യക്തി നിയമ ബോര്‍ഡ് ശ്രമിക്കുന്നതെന്നു മുസ്ലിം മഹിളാ ആന്ദോളന്‍ സ്ഥാപക നൂര്‍ജഹാന്‍ സഫിയ നിയാസ് പറഞ്ഞു.പതിനഞ്ചു സംസ്ഥാനങ്ങളില്‍ നിന്നായി അര ലക്ഷം ചോദ്യാവലികള്‍ പൂരിപ്പിച്ച് നിയമ കമ്മിഷനു കൈമാറുമെന്ന് ആന്ദോളന്‍ നേതാവ് സാകിയ സോമന്‍ അറിയിച്ചു. ഇതിനായി ദേശവ്യാപക പ്രചാരണം നടത്തുമെന്ന് അവര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ദര്‍ഗ ഹസ്രത്തില്‍ ചേര്‍ന്ന ബറേല്‍വി പണ്ഡിത സഭയാണ് ഏക വ്യക്തി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യതാല്‍പര്യത്തിന് എതിരാണെന്നു യോഗം അഭിപ്രായപ്പെട്ടു.