കോഴിക്കോട് • ഏക വ്യക്തിനിയമം സംബന്ധിച്ച് കേന്ദ്ര ലോ കമ്മിഷന് ചോദ്യാവലി ബഹിഷ്കരിക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം സംഘടനാ പ്രതിനിധികളുടെ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഏക വ്യക്തിനിയമത്തിന് എതിരെ മുസ്ലിം വ്യക്തി നിയമ ബോര്‍ഡുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. ബോര്‍ഡ് നടത്തുന്ന സിഗ്നേച്ചര്‍ ക്യാംപെയ്ന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ഇതിലൂടെ പ്രശ്നം രാഷ്ട്രപതി ഉള്‍പ്പെടെയുള്ളവരുടെ അടുത്തു വേഗത്തില്‍ എത്തിക്കാന്‍ കഴിയുമെന്നും തീരുമാനങ്ങള്‍ വിശദീകരിച്ച മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എയും സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയും പറഞ്ഞു. സമാന ചിന്താഗതിക്കാരായ സംഘടനകളുമായി സംസാരിച്ചു പ്രശ്നം പാര്‍ലമെന്റില്‍ ഉന്നയിക്കും. ശരീഅത്ത് സമ്ബൂര്‍ണമാണ്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം തുടങ്ങിയ ഇസ്ലാമിക വ്യക്തിനിയമത്തില്‍ ഇപ്പോള്‍ ഭേദഗതി വരുത്തേണ്ട ആവശ്യമില്ല. മുത്തലാഖ് കേന്ദ്ര സര്‍ക്കാരിന്റെ ചൂണ്ടയിലെ ഇരയാണ്. മുസ്ലിം സ്ത്രീകളുടെ കാര്യത്തില്‍ മാത്രം പ്രധാനമന്ത്രി കാണിക്കുന്ന അമിതാവേശം സംശയമുണ്ടാക്കുന്നതാണെന്നും ചോദ്യത്തിനു മറുപടിയായി നേതാക്കള്‍ പ്രതികരിച്ചു. സമാന ചിന്താഗതിക്കാരായ എല്ലാവരെയും യോഗത്തിലേക്കു ക്ഷണിച്ചിരുന്നതായും വരാത്തത് അവരുടെ കാര്യമാണെന്നും രണ്ടു സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കാത്തതിനെ കുറിച്ചു നേതാക്കള്‍ പ്രതികരിച്ചു. ഇതു ഒരു രാഷ്ട്രീയ പ്രശ്നമായല്ല ലീഗ് കാണുന്നതെന്നും ഇരുവരും പറഞ്ഞു.