തിരുവനന്തപുരം : കേരളത്തിലെ എല്ലാ പദ്ധതി നിര്‍വഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണെന്നും ഇത് എന്ത് തരം ബഡ്ജറ്റ് തയ്യാറാക്കലാണെന്നും സംസ്ഥാന സര്‍ക്കാരിനും കിഫ്ബിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്.ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയുടെ എറണാകുളത്ത് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്ന നിലയിലാണെന്നും വാളയാര്‍, പെരിയ കൊലപാതകം, വയലാര്‍ കൊലപാതകങ്ങള്‍ പരാമര്‍ശിച്ച് നിര്‍മ്മല സീതാരാമന് ആരോപിച്ചു. കേരളമെങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയോട് ഈ ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ലെന്നും നിര്‍മ്മല സീതാരാമന് കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിരോധത്തിലും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് നിര്‍മ്മല സീതാരാമന് ഉന്നയിച്ചത്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സി.എ.ജി പറഞ്ഞിട്ടുണ്ടെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
എസ്ഡിപിഐയുമായി ഇടത് സര്‍ക്കാരിന് രഹസ്യബന്ധമുണ്ട് എന്നും ദൈവത്തിന്റെ സ്വന്തം നാട് മൗലികവാദികളുടെ നാടായി മാറിഎന്നും ഹിന്ദു കൂട്ടക്കൊല നടന്ന മലബാര്‍ കലാപം സര്‍ക്കാര്‍ ആഘോഷമാക്കുകയാണ് എന്നും സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്നും ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാരിന് മറുപടിയില്ലെന്നും നിര്‍മ്മല സീതാരാമന് കുറ്റപ്പെടുത്തി.