തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമ കേസിലെ ഒന്നാംപ്രതിയും എസ്.എഫ്.ഐ. നേതാവുമായ ശിവരഞ്ജിത്ത് പി.എസ്.സി. റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ വിവാദമായതിനു പിന്നാലെ കായിക ക്ഷമതാപരീക്ഷയ്ക്കു തയാറെടുക്കാന്‍ ദിവസങ്ങള്‍ മാത്രമേ ലഭിച്ചുള്ളുവെന്ന ആരോപണം നിലനില്‍ക്കേയാണു പി.എസ്.സിയെയും കേരള സര്‍വകലാശാലയെയും പ്രതിക്കൂട്ടിലാക്കി പുതിയ വിവാദമുയര്‍ന്നത്.
സര്‍വകലാശാലയുടെയും പി.എസ്സിയുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
ഇയാളുടെ വസതിയില്‍നിന്ന് എഴുതിയതും എഴുതാത്തതുമായ സര്‍വകലാശാലാ ഉത്തരക്കടലാസുകളും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജസീലുമാണ് കണ്ടെടുത്തത്. അന്വേഷണത്തിന്റെ മൂന്നാം ദിവസം കോളജിലെ എസ്.എഫ്.ഐ. യൂണിറ്റ് ഓഫീസില്‍നിന്ന് റോള്‍ നമ്പർ എഴുതിയതും അല്ലാത്തതുമായ നൂറിലേറെ ഉത്തരക്കടലാസുകളും ബോട്ടണി വിഭാഗം പ്രഫസര്‍ ഡോ. എസ്. സുബ്രഹ്മണ്യന്റെ ഓഫീസ് സീലും കണ്ടെത്തി.
16 ബുക്ക്ലെറ്റുകളായാണ് എഴുതാത്ത ഉത്തരക്കടലാസുകള്‍. യഥാര്‍ത്ഥ സീല്‍ തന്റെ പക്കലുണ്ടെന്നും കണ്ടെത്തിയതു വ്യാജസീലാണെന്നും ഡോ. സുബ്രഹ്മണ്യന് പറഞ്ഞു.ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്ത സീല്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടേതാണ്.
ശിവരഞ്ജിത്ത് പോലീസ് നിയമനത്തിനുള്ള പി.എസ്.സി. റാങ്ക് പട്ടികയില്‍ ഒന്നാമനായത് സ്പോര്‍ട്സ് ക്വാട്ടയില്‍ ലഭിച്ച മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണെന്നതു ദുരൂഹത വര്‍ധിപ്പിക്കുന്നു.പരീക്ഷ കഴിയുമ്ബോള്‍, ഉപയോഗിക്കാത്ത ഉത്തരക്കടലാസുകള്‍ വിദ്യാര്‍ഥിയുടെ റോള്‍ നമ്ബര്‍ എഴുതി തിരിച്ചേല്‍പ്പിക്കണമെന്നാണു സര്‍വകലാശാലാച്ചട്ടം. എന്നാല്‍, പരീക്ഷാവേളയില്‍ പുറത്തുനിന്ന് ഉത്തരമെഴുതി കൈമാറാറുണ്ടെന്ന സൂചനകളാണ് പോലീസ് റെയ്ഡിലൂടെ പുറത്തുവരുന്നത്. യൂണിവേഴ്സിറ്റി കോളജില്‍ ഇടതനുഭാവികളായ ചില അധ്യാപകര്‍ ഇതിനു കൂട്ടുനിന്നതായും ആരോപണമുണ്ട്.
ശിവരഞ്ജിത്തിനെക്കൂടാതെ പി.എസ്.സി. പരീക്ഷയെഴുതിയ മറ്റു ചിലരും സംശയനിഴലിലുണ്ട്. ഇവരില്‍ മിക്കവരും റാങ്ക് പട്ടികയില്‍ ഇടം നേടിയവരാണ്. വിവിധ കേസുകളില്‍ പ്രതികളായ ഇവര്‍ പോലീസ് വെരിഫിക്കേഷന് മറികടന്ന് എങ്ങനെ റാങ്ക് പട്ടികയിലെത്തിയെന്നതും ദുരൂഹം. പട്ടികയില്‍ ഒന്നാമതുള്ള ശിവരഞ്ജിത്ത് നല്കിയ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണോയെന്നും അങ്ങനെയെങ്കില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്കു വീഴ്ച പറ്റിയോയെന്നുമാണ് അന്വേഷണം.
റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ രാഷ്ട്രീയപശ്ചാത്തലവും പോലീസ് പരിശോധിക്കുന്നു. വധശ്രമക്കേസ് പ്രതികളായ ശിവരഞ്ജിത്ത്, നിസാം, പ്രവീണ്‍ എന്നിവരുടെ വിദ്യാഭ്യാസരേഖകളും പരിശോധിക്കും.