തിരുവനന്തപുരം: മേയ് 11 മുതല്‍ സര്‍വകലാശാല പരീക്ഷകള്‍ നടത്താനും ഒരാ ഴ്ചയ്ക്കുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കേന്ദ്രീകൃത മൂല്യ നിര്‍ണയമില്ല. പകരം അധ്യാപകര്‍ വീടുകളിലിരുന്ന് മൂല്യ നിര്‍ണയം നടത്തണം. ഇത് ഈ മാസം 20 ന് ആരംഭിക്കണം. കൂടാതെ ഓണ്‍ലൈന്‍ ക്ലാസുകളും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ അസൈന്മെന്റുകളും നല്‍കാനും നിര്‍ദേശം നല്കി.
പരീക്ഷയെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കണം. പരീക്ഷ നടത്തിപ്പില്‍ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഗവേഷക വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്സിറ്റി ലൈബ്രറികള്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന മുന്‍കരുതലോടെ ഉപയോഗിക്കാനുള്ള ക്രമീകരണം ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സമിതി രൂപീകരിച്ചിരുന്നു. ആസൂത്രണ ബോര്‍ഡ് അംഗവും മുന്‍ കേരളാ സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. ബി ഇക്ബാലാണ് സമിതി അധ്യക്ഷന്‍. അധ്യായന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ആറംഗ സമിതിയെ നിയോഗിച്ചത്.