യുവത്വത്തിന്റെ യഥാർഥ തുടിപ്പാണ് സർവകലാശാല വിദ്യാർഥികൾ: ഗവർണർ പി.സദാശിവം

105

യുവത്വത്തിന്റെ യഥാർഥ തുടിപ്പാണ് സർവകലാശാലകളിലുള്ളതെന്ന് ഗവർണർ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. യുവാക്കൾ കൂടുതലായി സൈന്യത്തിൽ ചേരാൻ താത്പര്യം കാണിക്കുന്നത് സന്തോഷകരമാണ്. വിദ്യാർഥികൾക്കായി നാഷണൽ ഡിഫൻസ് അക്കാദമി, എയർഫോഴ്സ് അക്കാദമി, നേവൽ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പഠനയാത്രകൾ സംഘടിപ്പിക്കണമെന്നും ഗവർണർ നിർദേശിച്ചു. വിദ്യാർഥികളും സേനാവിഭാഗങ്ങളുമായുള്ള ആശയവിനിമയം മികച്ച ഭാവിനേതൃത്വത്തെ സൃഷ്ടിക്കുമെന്നും ഗവർണർ പറഞ്ഞു.

കാർഗിൽ യുദ്ധവിജയത്തിന്റെ 20-ാം വാർഷികത്തോട് അനുബന്ധിച്ച് സേനാവിഭാഗങ്ങളും കേരള സർവകലാശാലയും സംയുക്തമായി സംഘടിപ്പിച്ച വിജയദിവസ് ആഘോഷങ്ങൾ സെനറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

സൈന്യത്തിന്റെ ത്യാഗവും അച്ചടക്കവും നൈപുണ്യവും യുവത്വം നിറഞ്ഞ സർവകലാശാല സമൂഹത്തിലേക്കു പകരണമെന്ന് ഗവർണർ പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്ത് അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ത്യാഗങ്ങൾ സർവകലാശാല സമൂഹത്തിൽനിന്ന് ഉണ്ടായി. കാർഗിലിലെ വിജയം നമ്മുടെ സേനാവിഭാഗങ്ങളിൽ ഉള്ളടങ്ങിയിരിക്കുന്ന കൂട്ടായ്മയുടെ തെളിവാണെന്നും ഗവർണർ പറഞ്ഞു.

ഈ ആഘോഷം ഇന്ത്യയിലെ യുവമനസ്സുകൾക്ക് പ്രചോദനസ്രോതസ്സാവുമെന്ന് അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി.ജലീൽ പറഞ്ഞു. കാർഗിൽ വിജയം ഇന്ത്യയുടെ കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണെന്നും മന്ത്രി പറഞ്ഞു.

എയർ ഓഫീസർ കമാൻഡിങ് ഇൻ ചാർജ് എയർ മാർഷൽ ബി.സുരേഷ്, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള, സിൻഡിക്കേറ്റ് അംഗം കെ.എച്ച് ബാബുജാൻ, പ്രോ-വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാർ എന്നിവർ സംസാരിച്ചു. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ബ്രിഗേഡിയർ അരുൺ സി.ജി, എയർ വൈസ് മാർഷൽ ബി.ചന്ദ്രശേഖർ, വിംഗ് കമാൻഡർ സമ്രത്പാൽ ചൗധുരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത എയർ കമ്മഡോർ ഡ്ബ്ള്യൂ. ദെഡ്ഗാവോങ്കർ യുദ്ധാനുഭവങ്ങൾ പങ്കുവെച്ചു.

NO COMMENTS