തിരുവനന്തപുരം: കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ ടൂറിസം സംഘടനയായ യു.എന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (യുഎന്‍ഡബ്ല്യുടിഒ) അഭിനന്ദനവും പ്രശംസയും. ലോകത്തിലെ ഏറ്റവും പ്രമുഖമായ ടൂറിസം സംഘടനയായ യു.എന്‍.ഡബ്ല്യു.ടി.ഒയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ക്ഷണവും ഈ സംഘടനയില്‍നിന്ന് കേരളത്തിന് ലഭിച്ചു. സുസ്ഥിര ടൂറിസം ആഗോളാടിസ്ഥാനത്തില്‍ മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് ഈ സഹകരണത്തിലുടെ യുഎന്‍ഡബ്ല്യുടിഒ ലക്ഷ്യമിടുന്നത്.
മറ്റു വിനോദസഞ്ചാര മേഖലകള്‍ക്ക് മാതൃകയാക്കാവുന്നതാണ് കേരളം നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസമെന്ന് യുഎന്‍ഡബ്ല്യുടിഒ അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ജൂണ്‍ 21 മുതല്‍ 24 വരെ ഫിലിപ്പൈന്‍സിലെ മനിലയില്‍ നടക്കുന്ന സുസ്ഥിര ടൂറിസവുമായി ബന്ധപ്പെട്ട രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തെ യുഎന്‍ഡബ്ല്യുടിഒ ക്ഷണിക്കുകയും ചെയ്തു. മേയില്‍ ബംഗ്ലാദേശില്‍ നടക്കുന്ന ജോയിന്റ് കമ്മീഷന്‍ മീറ്റിംഗില്‍ വിവരാവതരണത്തിനും കേരളത്തെ ക്ഷണിച്ചിട്ടുണ്ട്.
ജാപ്പനീസ് ട്രാവല്‍ അസോസിയേഷന്‍ നല്‍കുന്ന ജപ്പാന്‍ ടൂറിസം അവാര്‍ഡിന്റെ മാതൃകയില്‍ അടുത്ത കേരള ട്രാവല്‍ മാര്‍ട്ടില്‍ കേരള ടൂറിസം ഉത്തരവാദിത്ത ടൂറിസത്തില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യതയും യുഎന്‍ഡബ്ല്യുടിഒ ആരാഞ്ഞു. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഉത്തരവാദിത്ത ടൂറിസം സിംപോസിയത്തിന്റെ അടിസ്ഥാനത്തില്‍ കേരള ടൂറിസം യുഎന്‍ഡബ്ല്യുടിഒ-യുമായി സഹകരിച്ച് സുസ്ഥിര ടൂറിസത്തെക്കുറിച്ച് പ്രചരണം നടത്തുന്നതിനുള്ള അജന്‍ഡ നിശ്ചയിക്കുന്നതിനുള്ള സാധ്യതയും തേടിയിട്ടുണ്ട്.
യുഎന്‍ഡബ്ല്യുടിഒ ആസ്ഥാനമായ സ്‌പെയിനിലെ മഡ്രിഡില്‍ നടന്ന യോഗത്തില്‍ കേരളത്തിന്റെ ടൂറിസം സംരംഭങ്ങളിലെ പ്രമുഖ ഇനമായ ഉത്തരവാദിത്ത ടൂറിസത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ടൂറിസം ഡയറക്ടര്‍ ശ്രീ. യു.വി.ജോസ്, യുഎന്‍ഡബ്ല്യുടിഒ ഏഷ്യ-പസഫിക് റീജിയനല്‍ ഡയറക്ടര്‍ സു ജിങ്ങിനു കൈമാറി. ഉത്തരവാദിത്ത ടൂറിസം നയങ്ങള്‍, പ്രവര്‍ത്തനശൈലി, തദ്ദേശവാസികള്‍ക്ക് പങ്കാളിത്തം നല്‍കി, സംസ്‌കാരവും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ടു തന്നെ ഉപജീവനമാര്‍ഗമൊരുക്കുന്നതില്‍ നേടിയ വിജയം എന്നിവയെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ആഗോള സുസ്ഥിര ടൂറിസം മാനദണ്ഡങ്ങള്‍ക്കനുസരണമായി സുസ്ഥിരത ലക്ഷ്യമിട്ടുള്ള കര്‍മപദ്ധതിയുടെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം വര്‍ഗീകരണം, കേരള ടൂറിസത്തിന്റെ ഗ്രീന്‍ കാര്‍പറ്റ് സംരംഭം, തദ്ദേശ സമൂഹത്തെയും പരിവര്‍ത്തന സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിന് വിനോദ സഞ്ചാര കേന്ദ്രങ്ങളെ അടിസ്ഥാനപ്പെടുത്തി ടൂറിസം വിപണ മേഖലയുടെ സംരംഭമായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഒന്‍പതിന അജന്‍ഡ സ്വീകരിച്ചിട്ടുള്ള സുസ്ഥിര ടൂറിസം യൂണിറ്റുകള്‍ എന്നിവയെപ്പറ്റിയും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.
കേരള ടൂറിസത്തിന്റെ നേട്ടങ്ങള്‍ യുഎന്‍ഡബ്ല്യുടിഒയ്ക്ക് അഭിമാനം പകരുന്നതാണെന്നും ഉത്തരവാദിത്ത-സുസ്ഥിര ടൂറിസത്തിലെ കേരള മാതൃക ഏറെ മതിപ്പുളവാക്കുന്നുവെന്നും സു ജിങ് പ്രതികരിച്ചു. യുഎന്‍ഡബ്ല്യുടിഒയുടെ ആഗോള പരിപാടികളില്‍ ഇത്തരം പദ്ധതികള്‍ ഉള്‍പ്പെടുത്തുമെന്നും കേരളത്തിന്റെ റിപ്പോര്‍ട്ട് മറ്റു ടൂറിസം സങ്കേതങ്ങള്‍ക്ക് പഠനമാതൃകയാക്കാമെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ഡബ്ല്യുടിഒ-യും കേരളവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും പൊതുതാല്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വിഷയമാക്കാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുസ്ഥിര ടൂറിസം വര്‍ഷത്തിന്റെയും ഏഷ്യ-പസിഫിക് റീജനല്‍ പ്രോഗ്രാമിന്റെയും വെബ്‌സൈറ്റുകളിലൂടെയും കേരളത്തിന്റെ റിപ്പോര്‍ട്ടിന് പ്രചാരം ലഭിക്കുമെന്ന് ജിങ് ചൂണ്ടിക്കാട്ടി. സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും യുഎന്‍ഡബ്ല്യുടിഒ-യുടെ സാങ്കേതിക സഹകരണ പരിപാടിയ്‌ക്കൊപ്പം സുസ്ഥിര വികസനത്തിന്റെ തോത് നിശ്ചയിക്കുന്നതിനും കേരള ടൂറിസവുമായി സഹകരിക്കാമെന്നും ജിങ് നിര്‍ദ്ദേശിച്ചു.
ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ചുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായുള്ള യുഎന്‍ഡബ്ല്യുടിഒ-യുടെ അഭ്യര്‍ഥനയും അംഗീകാരവും കേരളം ഇക്കാര്യത്തില്‍ ഏറ്റെടുത്ത സംരംഭങ്ങളുടെ ശക്തിയാണ് സൂചിപ്പിക്കുന്നതെന്ന് ശ്രീ ജോസ് പറഞ്ഞു. ഭൂമിയുടെയും സഞ്ചാരികളുടെയും തദ്ദേശസമൂഹത്തിന്റെയും താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഉത്തരവാദിത്ത ശൈലിയില്‍ ടൂറിസം സംസ്‌കാരം രൂപപ്പെടുത്തിയെടുത്ത കേരളത്തിന്റെ പ്രതിബദ്ധതയാണ് ഇവിടെ പ്രതിഫലിക്കുന്നത്. ഓരോ ടൂറിസം സങ്കേതത്തിന്റെയും സവിശേഷതകള്‍ കണ്ടറിഞ്ഞു രൂപപ്പെടുത്തിയതാണ് കേരളത്തിന്റെ ടൂറിസം നയങ്ങളെന്നും അവയുടെ വിജയം ഉത്തരവാദിത്ത ടൂറിസം ലക്ഷ്യങ്ങളെ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎന്‍ഡബ്ല്യുടിഒ 2017 സുസ്ഥിര ടൂറിസം വര്‍ഷമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക ടൂറിസം വികസനത്തിന് ഇത് മികച്ച അവസരമാണെന്ന് ശ്രീ ജോസ് പറഞ്ഞു. യുഎന്‍ഡബ്ല്യുടിഒ-യുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ചെറുകിട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സാക്ഷ്യപത്രം നല്‍കാനും ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മഡ്രിഡില്‍ അവസാനിച്ച ലോകത്തെ പ്രമുഖ ടൂറിസം-ട്രാവല്‍ മേളകളിലൊന്നായ ഫിടുര്‍ 2017 ന്റെ ഭാഗമായാണ് ടൂറിസം യോഗം നടന്നത്. യുഎന്‍ഡബ്ല്യുടിഒയുടെ സുസ്ഥിര ടൂറിസം വികസനത്തിനുള്ള രാജ്യാന്തര വര്‍ഷത്തിന്റെ പ്രഖ്യാപനച്ചടങ്ങിലും ടൂറിസം ഡയറക്ടര്‍ പങ്കെടുത്തു.
യുഎന്‍ഡബ്ല്യുടിഒ സെക്രട്ടറി ജനറല്‍ തലെബ് റിഫായ്, ജോര്‍ജിയന്‍ പ്രധാനമന്ത്രി ജോര്‍ജി ക്വിരികാഷ്വിലി, ഹോന്‍ഡുറാസ് വൈസ് പ്രസിഡന്റ് റിക്കാഡോ അല്‍വാരിസ്, സ്പാനിഷ് വിദേശകാര്യമന്ത്രി അല്‍ഫോന്‍സോ മാരിയ ഡാസ്റ്റിസ്, യുഎന്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍സ് നാസിര്‍ അല്‍ നാസര്‍, യുനെസ്‌കോ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഫോര്‍ കള്‍ച്ചര്‍ ഫ്രാന്‍സെസ്‌കോ ബന്റാരിന്‍, ആഭ്യന്തര വിപണി-വ്യവസായ-സംരംഭകത്വ-യൂറോപ്യന്‍ കമ്മിഷന്‍ കമ്മിഷണര്‍ എല്‍സെബത്ത ബിന്‍കോവ്‌സ്‌ക എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.