ന്യൂഡല്‍ഹി: യുപിയില്‍ കോണ്‍ഗ്രസ് -എസ്.പി സഖ്യസാധ്യത മങ്ങുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ കൂടുതല്‍ സീറ്റിനായുള്ള ഇരു പക്ഷത്തിന്റെയും ആവശ്യം സമവായത്തിലെത്താത്തിനെ തുടര്‍ന്നാണ് സഖ്യസാധ്യത മങ്ങുന്നത്. കോണ്‍ഗ്രസിന് 99 സീറ്റുകള്‍ നല്‍കാമെന്ന നിലപാടാണ് ഏറ്റവും ഒടുവില്‍ അഖിലേഷ് യാദവ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ 120 സീറ്റുകളെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയുടെ ഈ വാഗ്ദാനം നിരസിച്ചതായി കോണ്‍ഗ്രസ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസ്‌എസ്.പി സഖ്യത്തിനുള്ള സാധ്യത ഇല്ലാതായതായുള്ളി റിപ്പോര്‍ട്ടുകള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍ തള്ളിക്കളഞ്ഞു. ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സഖ്യസാധ്യത ഏറക്കുറെ ഇല്ലാതായതായി എസ്പിയുടെ മുതിര്‍ന്ന നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 100 സീറ്റുകള്‍ നല്‍കാമെന്ന അഖിലേഷ് യാദവിന്റെ വാഗ്ദാനം കോണ്‍ഗ്രസ് തള്ളിയതായും 120 സീറ്റുകള്‍ എന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ സമവായത്തിന് സാധ്യത കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് കടുത്ത എതിര്‍പ്പുമായി മുലായം സിങ് യാദവ് രംഗത്തെത്തിയിരുന്നു. അഖിലേഷ് യാദവ് സമാജ് വാദി പാര്‍ട്ടിയുടെ പ്രകടനപത്രിക നാളെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.