കാസര്‍കോട്: ഉപ്പള മഞ്ചേശ്വരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാല് അധോലോക സംഘത്തിൽപ്പെട്ട അഞ്ചംഗ സംഘമാണ്
രഹസ്യകേന്ദ്രത്തില്‍ അക്രമത്തിന് പദ്ധതി തയ്യാറാകുന്നതിനിടെ പിടിയിലായതെന്ന് പൊലീസ് പറയുന്നു .ഒമ്പത് കേസുകളില്‍ വീതം പ്രതികളായ സീതാംഗോളിയിലെ ടയര്‍ ഫൈസല്‍ (32), മഞ്ചേശ്വരം മുറത്തണയിലെ അശ്കര്‍ (21), ബേള സ്വദേശി ബദറുദ്ദീന്‍ എന്ന കാലിയ ബദറു (32), ആരിക്കാടി സ്വദേശി അബൂബകര്‍ ശഫീഖ് (28), മര്‍പ്പിനടുക്കയിലെ മുഹമ്മദ് ശിഹാബ് (23) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഇവരുടെ പക്കല്‍ നിന്നും യുകെ നിര്‍മ്മിത റിവോള്‍വറും എംഡിഎംഎ മയക്കുമരുന്നും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഹുക്കയും ഇരുമ്പു ദണ്ഡുള്‍പ്പടെയുള്ള മാരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ പേരും എട്ടും പത്തും കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. സംഘത്തലവന്‍ ഉപ്പളയിലെ ഹമീദ് എന്ന ഗുജിരി ഹമ്മി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.
കാസര്‍കോട് ഡിവൈഎസ്പി പി പി സദാനന്ദന്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാടകവീട് റൈഡ് ചെയ്തത്. അക്രമം, തട്ടിക്കൊണ്ടുപോകല്‍, ഭവന ഭേദനം, അധോലോക പ്രവര്‍ത്തനം, മയക്കുമരുന്ന് ഇടപാട് തുടങ്ങി നിരവധി പരാതികളാണ് ഇവര്‍ക്കെതിരെ നിലവിലുള്ളത്. പ്രതികള്‍ വീട്ടിലൊളിച്ചിരിക്കുന്ന വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പൊലീസിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ഇതിനിടയിലാണ് സംഘത്തലവന്‍ ഗുജിരി ഹമ്മി രക്ഷപ്പെട്ടത്. തുടര്‍ന്ന് പൊലീസ് മല്പിടുത്തതിലൂടെയാണ് ഇവരെ കീഴടക്കിയത്. ഇതിനിടയില്‍ മൂന്ന് പൊലീസുകാര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.ഗുജിരി ഹമീദ് അടുത്തിടെയാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
മഞ്ചേശ്വരം സി ഐ ടി അരുണ്‍ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വെള്ളിയാഴ്ച രാവിലെ വോര്‍ക്കാടി കല്ലാജെയിലെ വാടക വീട്ടില്‍വെച്ച് അറസ്റ്റു ചെയ്തത്.