തിരുവനന്തപുരം ജില്ലയിൽ നഗരസഞ്ചയ പദ്ധതിയുടെ ഭാഗമായി 194 കോടി രൂപയുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്‌കരണം എന്നീ മേഖലകളിൽ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 15-ാം ധനകാര്യ കമ്മീഷൻ 2021-26 വർഷത്തേക്ക് അനുവദിച്ചിരിക്കുന്ന വിഹിതമാണിത്.
നഗരവും നഗരസ്വഭാവമുള്ള തദ്ദേശസ്ഥാപനങ്ങളും ചേർന്ന്, 10 ലക്ഷത്തിൽ കുറയാത്ത ജനസംഖ്യയുള്ള പ്രദേശങ്ങളെ നഗര സഞ്ചയമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനും ആറ്റിങ്ങൽ, നെയ്യാറ്റിൻകര, നെടുമങ്ങാട് നഗരസഭകളും കല്ലിയൂർ, വിളപ്പിൽ, മലയിൻകീഴ്, വിളവൂർക്കൽ, മാറനല്ലൂർ, പള്ളിച്ചൽ, ബാലരാമപുരം, കാഞ്ഞിരംകുളം, കോട്ടുകാൽ, അതിയന്നൂർ, കരുംകുളം, വെങ്ങാന്നൂർ, വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, മുദാക്കൽ, കിഴുവലം, പോത്തൻകോട്, ആഴൂർ, അണ്ടൂർക്കോണം, മംഗലപുരം, കരകുളം, വെമ്പായം, കരവാരം, കാട്ടാക്കട, തിരുപുറം തുടങ്ങി 26 ഗ്രാമപഞ്ചായത്തുകളുമാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.
2021-22 വർഷത്തേക്ക് 35 കോടി, 2022-23 വർഷത്തേക്ക് 37 കോടി, 2023-24 വർഷത്തേക്ക് 39 കോടി, 2024-25 വർഷത്തേക്ക് 41 കോടി, 2025-26 വർഷത്തേക്ക് 42 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. കുടിവെള്ളത്തിനായി 116.20 കോടി രൂപയും ജലസംരക്ഷണത്തിനായി 21.64 കോടി രൂപയും ഖരമാലിന്യസംസ്‌കരണത്തിനായി 56.16 കോടി രൂപയുമാണ് നഗരസഞ്ചയ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകുന്നതിനും സബ് കമ്മിറ്റിയും ജോയിന്റ് പ്ലാനിംഗ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അതത് മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരെ ഉൾപ്പെടുത്തി വർക്കിംഗ് ഗ്രൂപ്പുകൾക്കും രൂപം നൽകിയിട്ടുണ്ട്.
തദ്ദേശഭരണ സ്ഥാപനങ്ങളുമായി നിരന്തരം ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഓരോ മേഖലകളിലേയും പദ്ധതികൾ തയാറാക്കിയിരിക്കുന്നത്. ഒരേക്കറിൽ കൂടുതൽ വിസ്തൃതിയുള്ള ജലാശയങ്ങളുടെ പുനരുജ്ജീവനം, മലിനജലത്തിന്റെ പുനരുപയോഗം, കുടിവെള്ള വിതരണമില്ലാത്ത പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കൽ തുടങ്ങിയ പദ്ധതികളാണ് ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിച്ചിരുന്നത്.
കുടിവെള്ളമേഖലയിൽ, പൈപ്പ്ലൈനുകൾ 144.8 കിലോമീറ്റർ ദീർഘിപ്പിച്ച്, അതുവഴി 74,845 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകാനാണ് തീരുമാനം. പുതിയ ജലശുദ്ധീകരണ പ്ലാന്റുകളും നിലവിലെ പ്ലാന്റുകളുടെ നവീകരണവും പദ്ധയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പൊതുടോയ്ലറ്റുകൾ, ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ്, മലിന ജല പുനരുപയോഗം സാധ്യമാക്കുന്ന പദ്ധതികൾ എന്നിവയാണ് നടപ്പാക്കുന്നത്.
ജലസംരക്ഷണത്തിനായി ഒരേക്കറിൽ കൂടുതലുള്ള 15 കുളങ്ങൾ പുനരുജ്ജീവിപ്പിക്കുകയും മഴവെള്ള സംഭരണികൾ സ്ഥാപിക്കുകയും ചെയ്യും.
ഈ മൂന്നു മേഖലകളിലേയും പ്രകടനം കേന്ദ്ര ഭവന നിർമാണ-നഗരകാര്യ മന്ത്രാലയം വിലയിരുത്തും. ഓരോ വിഭാഗത്തിനും ലഭിക്കുന്ന സ്‌കോറുകളുടെ അടിസ്ഥാനത്തിലാകും ഗ്രാന്റ് ലഭിക്കുന്നത്.
പൈപ്പിലൂടെ കുടിവെള്ള ശുചിത്വം നടപ്പാക്കിയ കുടുംബം, പ്രതിദിനം ലഭ്യമാക്കുന്ന ആളോഹരി ജലം, ഉപഭോക്താക്കളിലെത്താതെ പോകുന്ന കുടിവെള്ളത്തിന്റെ അളവ് കുറയ്ക്കൽ, സീവേജ്, സെക്ടേജ് സേവനങ്ങൾ ലഭ്യമാക്കിയ കുടുംബങ്ങൾ, മാലിന്യരഹിത നഗരം സ്റ്റാർ റേറ്റിംഗ് പദ്ധതി, കക്കൂസ് മാലിന്യ സംസ്‌കരണ സംവിധാനം ഉൾപ്പെടെയുള്ള ശുചിത്വ സൗകര്യങ്ങൾ തുടങ്ങി ആറ് മാനദണ്ഡങ്ങൾ പരിഗണിച്ചാണ് സ്‌കോർ നിശ്ചയിക്കുന്നത്.
ജില്ലാ ആസൂത്രണ സമിതി ചെയർമാൻ ഡി.സുരേഷ് കുമാർ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ് ബിജു, ജില്ലാ പ്ലാനിംഗ് സമിതി അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.