ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഇന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു (പിഎസി) മുന്നില്‍ ഹാജരാകും.പിഎസി അംഗങ്ങള്‍ എഴുതിനല്‍കിയ നൂറോളം ചോദ്യങ്ങള്‍ക്ക് രേഖാമൂലം നല്‍കിയ ഉത്തരങ്ങളില്‍ കാര്യമായ വെളിപ്പെടുത്തലുകള്‍ ഇല്ലെന്നറിയുന്നു. റദ്ദാക്കിയ എത്ര നോട്ട് തിരിച്ചെത്തിയെന്നും ബാങ്ക് ഇടപാടുകള്‍ എന്നു പൂര്‍ണ തോതിലാകുമെന്നും കഴിഞ്ഞദിവസം പാര്‍ലമെന്റിന്റെ ധനകാര്യ സമിതിക്കു മുന്നില്‍ ഹാജരായ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നില്ല.
കള്ളപ്പണത്തിനെതിരായ നടപടിയായാണു സര്‍ക്കാര്‍ നോട്ട് റദ്ദാക്കിയത്. മൂന്നു മുതല്‍ നാലു ലക്ഷം കോടി രൂപ വരെ തിരിച്ചെത്തിയേക്കില്ലെന്നും അതു വികസന പദ്ധതികള്‍ക്ക് ഉപയോഗിക്കാനാവുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ഏറെക്കുറെ മുഴുവന്‍ പണവും തിരിച്ചെത്തിയെന്നാണ് അനൗദ്യോഗിക സൂചനകള്‍. പ്രതിപക്ഷ കോണ്‍ഗ്രസ് എംപി കെ.വി. തോമസ് അധ്യക്ഷനായ പിഎസിയില്‍ ഭരണകക്ഷിക്കാണു ഭൂരിപക്ഷം. ഗവര്‍ണറെ ചോദ്യംചെയ്യാന്‍ മുന്‍കയ്യെടുക്കുക കോണ്‍ഗ്രസ്, തൃണമൂല്‍ അംഗങ്ങളായിരിക്കും. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ തോമസ് മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും സന്ദര്‍ശനം പിഎസി യോഗവുമായി ബന്ധപ്പെട്ടല്ലായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. ധനകാര്യ, ബാങ്കിങ്, റവന്യു സെക്രട്ടറിമാരെയും പിഎസി ഫെബ്രുവരി പത്തിനു വിളിച്ചിട്ടുണ്ട്. ഇന്ന് ഹാജരാകേണ്ടിയിരുന്ന അവര്‍ ബജറ്റ് തയാറെടുപ്പുകളുടെ പശ്ചാത്തലത്തില്‍ സമയം നീട്ടിവാങ്ങി. ഫെബ്രുവരി ഒന്നിനാണു ബജറ്റ്.