ഉറി ഭീകരാക്രമണം : ഇന്ത്യക്ക് പിന്തുണയുമായി ലോകരാഷ്ട്രങ്ങള്‍

270

ന്യൂഡല്‍ഹി: ഞായറാഴ്ച ഉറിയിലെ സൈനിക കേന്ദ്രത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ലോകരാഷ്ട്രങ്ങള്‍. യുഎസ്, ഇംഗ്ലണ്ട്, ജര്‍മനി, ജപ്പാന്‍, സൗദി, കാനഡ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ റഷ്യയും ഫ്രാന്‍സും പാകിസ്താനെതിരെ രൂക്ഷവിമര്‍ശമുന്നയിച്ചു.കഴിഞ്ഞ ദിവസം കശ്മീര്‍ വിഷയം ലോകസമാധാനത്തിന് ഭീഷണിയാണെന്ന് കാണിച്ച്‌ നവാസ് ഷെരീഫ് യുഎന്‍ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങള്‍ക്കും കത്തു നല്‍കിയിരുന്നു.
എന്നാല്‍ സ്ഥിരാംഗങ്ങളായ റഷ്യയും ഫ്രാന്‍സും പാകിസ്താനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് കൂടുതല്‍ ഊര്‍ജം പകരും.ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ റഷ്യയുടെ പ്രസ്താവനയില്‍ ആക്രമണമുണ്ടായത് പാകിസ്താന്‍ മേഖലയില്‍ നിന്നാണെന്നും പറയുന്നു. ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്ന് വ്യക്തമാക്കുന്നതാണ് ഫ്രാന്‍സിന്റെ പ്രസ്താവന. ഇതിനെതിരെ ഇന്ത്യക്കൊപ്പം ഉറച്ചുനിന്ന് പോരാടുമെന്നും ഫ്രാന്‍സ് വ്യക്തമാക്കുന്നു.ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്കര്‍, ജയ്ഷെ മുഹമ്മദ് തുടങ്ങിയ പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളെ ഫ്രാന്‍സിന്റെ പ്രസ്താവനയില്‍ പേരെടുത്ത് പറയുന്നുണ്ട്. ഇവയെ ഭീകരവാദത്തിന് എതിരായ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി നേരിടണമെന്നും ഫ്രാന്‍സ് ആവശ്യപ്പെടുന്നു.
പാകിസ്താനെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ആക്രമണത്തിന് എതിരെ ശക്തമായ പ്രതികരണമാണ് ജര്‍മനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇന്ത്യക്കൊപ്പം നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കിയ ജര്‍മനി തങ്ങളുടെ രാജ്യത്തുനിന്ന് ഭീകരവാദത്തെ തുടച്ചുനീക്കാന്‍ ഓരോ രാജ്യത്തിനും ബാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ഉറിയിലുണ്ടായ ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയാണ് പാകിസ്താനുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ചൈന പ്രസ്താവന ഇറക്കിയിരിക്കുന്നത്. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ലോകരാഷ്ട്രങ്ങളുടെ പ്രതികരണങ്ങള്‍ പുറത്തുവിട്ടത്.ഭീകരര്‍ക്ക് അഭയം നല്‍കുന്ന നടപടിയില്‍ നിന്ന് പാകിസ്താന്‍ പിന്‍മാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭ സമ്മേളനത്തില്‍ ഇന്നലെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കണ്ട അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിലായ പാകിസ്താന് കൂടുതല്‍ തിരിച്ചടിയായിരിക്കുകയാണ് ഇന്ത്യക്ക് ലഭിച്ച പിന്തുണ. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പാക് ശ്രമം.

NO COMMENTS

LEAVE A REPLY