നോട്ട് നിരോധത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികളെന്ന് ഊര്‍ജിത് പട്ടേല്‍

141

മുംബൈ• 500, 1000 നോട്ട് അസാധുവാക്കല്‍ പ്രാബല്യത്തില്‍ വന്നതിനെത്തുടര്‍ന്ന് ദിവസേനെ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഊര്‍ജിത് പട്ടേല്‍ പറഞ്ഞു. ബാങ്ക് ഇടപാടുകള്‍ ഉടന്‍ തന്നെ സാധാരണ നിലയിലേക്കു എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ നോട്ടുകളുടെ പ്രിന്റിങ് പൂര്‍ണതോതില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇടപാടുകള്‍ക്കു പണം നേരിട്ടു കൈമാറുന്നതിനു പകരം ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ ഡിജിറ്റല്‍ വാലറ്റുകള്‍ വഴിയോ നടത്താനും പട്ടേല്‍ ആവശ്യപ്പെട്ടു. വികസിത രാജ്യങ്ങളിലേതുപോലുള്ള സമ്പദ്വ്യവസ്ഥയാകുവാന്‍ ഇത് ഇന്ത്യയെ സഹായിക്കും. ഇതിനാവശ്യമായ മെഷീനുകള്‍ വ്യാപാരികള്‍ക്കു നല്‍കാന്‍ റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യത്തിനനുസരിച്ചു നോട്ടുകള്‍ അച്ചടിച്ചിറക്കാന്‍ ആര്‍ബിഐയും സര്‍ക്കാരും തയാറാണ്. ബാങ്കുകളുമായി നിരന്തരം ആര്‍ബിഐ ബന്ധപ്പെടുന്നുണ്ട്. നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് ഉടലെടുത്ത സാഹചര്യത്തില്‍ കാര്യമായ പുരോഗതിയുണ്ട്. ബാങ്കുകളിലെയും എടിഎമ്മുകളിലെയും ക്യൂ കുറഞ്ഞു വരികയാണ്. വിപണിയും കാര്യമായി പ്രവര്‍ത്തിച്ചുതുടങ്ങി. ദിവസേനെ ഉപയോഗിക്കുന്ന സാധനങ്ങളുടെ ലഭ്യതക്കുറവ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. നോട്ടുകള്‍ ലഭ്യമാണ്. അവ ബാങ്കുകളിലും എടിഎമ്മുകളിലും കൃത്യമായി എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിവരുന്നു. വിപണിയുടെ ആവശ്യത്തിനുള്ള നോട്ടുകള്‍ താമസിയാതെ പുറത്തിറങ്ങുമെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഉറപ്പു നല്‍കുന്നു.

NO COMMENTS

LEAVE A REPLY