മിഷിഗൺ : യുഎസിൽ ഇൻഫോസിസ് ജീവനക്കാരനായ ഇന്ത്യൻ യുവാവും മൂന്നു വയസുള്ള മകനും നീന്തൽകുളത്തിൽ മുങ്ങിമരിച്ചു. ആന്ധ്രാപ്രദേശ് ഗുണ്ടുർ സ്വദേശി നാഗരാജു സുരെപള്ളി (31) ഇയാളുടെ മകൻ ആനന്ദ് എന്നിവരാണ് മരിച്ചത്. യുഎസിലെ മിഷിഗണിലായിരുന്നു സംഭവം. ചൊവ്വാഴ്ച മിഷിഗണിലെ അപ്പാർട്ട്മെന്റിലെ നീന്തൽകുളത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇയാൾ ഭാര്യക്കും കുട്ടിക്കുമൊപ്പം ഇവിടെയാണ് താമസിച്ചുവന്നിരുന്നത്. അപ്പാർട്ട്മെന്റിലെ താമസക്കാരിലൊരാൾ ക്ലബ് ഹൗസിനു സമീപം നടക്കുമ്പോൾ നീന്തൽകുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നാഗരാജുവും കുട്ടിയും നീന്തൽകുളത്തിനു സമീപം നടക്കാൻ ഇറങ്ങിയതായിരുന്നു. കുട്ടി മുച്ചക്ര സൈക്കിളിൽ ആയിരുന്നു. സൈക്കിൾ മറിഞ്ഞ് കുട്ടി കുളത്തിൽ വീണപ്പോൾ രക്ഷിക്കാൻ നാഗരാജുവും ഒപ്പം ചാടി. എന്നാൽ നീന്തൽ വശമില്ലാത്ത നാഗരാജു കുട്ടിക്കൊപ്പം മുങ്ങിപ്പോകുകയായിരുന്നു.