ലിബിയയിലെ തീര ദേശ പട്ടണമായ സിർത്തിൻറെ നിയന്ത്രണം ഏതാണ്ട് പൂർണമായും ഐഎസിന്റെ കൈവശമായിരുന്നു.ലിബിയയിലെ ഏറ്റവും ശക്തമായ ഐഎസ് കേന്ദ്രവും സിർത്തായിരുന്നു.ഈ സാഹചര്യത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ സംബന്ധിച്ചിടത്തോളം ഏറ്റവും തമ്ത്ര പ്രധാന മേഖലയായ സിർത്തിൽ അമേരിക്ക വ്യോമാക്രമണം നടത്തിയത്.ഇത് ആദ്യമായാണ് ലിബിയയിൽ അമേരിക്ക നേരിട്ട് ഐഎസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നത്.ആക്രമണം ലിബിയൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണെന്നും പെന്റെഗൺ വിശദീകരിച്ചു.
ഈ ഘട്ടത്തിൽ ലിബിയയിൽ ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് വ്യോമാക്രമണം മാത്രമാകും നടത്തുകയെന്നും കരയുദ്ധത്തിനായി സൈനികരെ അയക്കില്ലെന്നും പെന്റഗൺ വ്യക്തമാക്കിയിട്ടുണ്ട്. ഐഎസിന്‍റെ കൈവശമുള്ള ടാങ്കറുകളും മറ്റ് ഗതാഗത സംവിധാനങ്ങളും ലക്ഷ്യം വെച്ചായിരുന്നു ആദ്യ ആക്രമണം.ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പെന്റഗൺ പുറത്തു വിട്ടിട്ടില്ല.
ഇതിനിടെ ലിബിയയിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് ഫ്രഞ്ച് സൈനികർ കൊല്ലപ്പെട്ടതായി ഫ്രഞ്ച് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.ലിബിയയിൽ സൈനിക ദൗത്യത്തിനിടെയായിരുന്നു അപകടമെന്നും ഫ്രഞ്ച് സർക്കാർ സ്ഥിരീകരിച്ചു.ഇത് ആദ്യമായാണ് ലിബിയയിലേക്ക് സൈന്യത്തെ അയച്ചിട്ടുണ്ടെന്ന കാര്യം ഫ്രഞ്ച് സർക്കാർ ഔദ്യോഗികമായി സമ്മതിക്കുന്നത്.