കൊച്ചി∙ സരിത എസ്. നായർക്ക് സോളർ കമ്മിഷന്റെ അറസ്റ്റ് വാറന്റ്. കമ്മിഷൻ തുടർച്ചയായി നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മുൻപ് പലതവണ കമ്മിഷൻ സരിതയെ താക്കീതു ചെയ്തിരുന്നു.
കമ്മിഷനു മുന്നിൽ കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്ന സരിത എസ്. നായരുടെ അപേക്ഷ ജസ്റ്റിസ് ജി.ശിവരാജൻ ഇന്നലെ തള്ളിയിരുന്നു. കൂടുതൽ തെളിവുണ്ടെങ്കിൽ അത് ഇന്നലെതന്നെ ഹാജരാക്കണമെന്നു കമ്മിഷൻ നിർദേശിച്ചു. കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും ഇന്നലത്തെ ക്രോസ് വിസ്താരം നീട്ടിത്തരണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ സി.ഡി.ജോണി മുഖേനയാണു സരിത അപേക്ഷ നൽകിയിരുന്നത്.
എന്നാൽ ക്രോസ് വിസ്താരത്തിനു ഹാജരാകില്ലെങ്കിൽ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നു ജസ്റ്റിസ് ജി. ശിവരാജൻ അറിയിക്കുകയായിരുന്നു. സരിതയുമായി ഫോണിൽ ബന്ധപ്പെട്ട് ഉടൻ വിവരം അറിയിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അഭിഭാഷകൻ സരിതയെ ഫോണിൽ വിളിച്ചു. വിസ്താരത്തിനു ഹാജരാകാൻ പരമാവധി ശ്രമിക്കുമെന്നു സരിത പറഞ്ഞതായി അഭിഭാഷകൻ കമ്മിഷനെ അറിയിച്ചിരുന്നു.