കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ (60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ശനിയാഴ്ച്ച വൈകുന്നേരം മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായി. ഇതേ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. ഇന്നു രാവിലെ 6.55 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. രണ്ടു വൃക്കകളും തരാറിലായിരുന്നു. തുടർന്ന് എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. സാധാരണക്കാരുമായി വളരെ അടുത്തു നില്‍ക്കുന്ന പ്രവര്‍ത്തന ശൈലിയായിരുന്നു ഉഴവൂര്‍ വിജയന്റേത്. കോണ്‍ഗ്രസിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ എകെ ആന്റണിക്കൊപ്പം കോണ്‍ഗ്രസ് എസ്സിന്റെ ഭാഗമായി മാറി.
കോണ്‍ഗ്രസ് എസ്സ് എന്‍സിപിയില്‍ ലയിച്ചപ്പോള്‍ എന്‍സിപിയുടെ കേരളത്തിലെ പ്രധാന മുഖങ്ങളില്‍ ഒന്നായി മാറി ഉഴവൂര്‍ വിജയന്‍. വൈകാതെ ഇടത് വേദികളിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി. കഴിഞ്ഞ മാസം വരെയും ഇടതു സമരവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.
സാധാരണക്കാരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രസംഗശൈലി തന്നെയായിരുന്നു മറ്റു രാഷ്ട്രീയക്കാരില്‍ നിന്നും ഉഴവൂര്‍ വിജയനെ വ്യത്യസ്തനാക്കിയത്. അതുകൊണ്ടു തന്നെ ഏതൊരു പരിപാടിക്കും ആളെ കൂട്ടുക എന്ന ചുമതല കൂടി ഉഴവൂര്‍ വിജയന്‍ ഏറ്റെടുത്തിരുന്നു.