മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നടക്കുന്നത് വിദ്യാഭ്യാസക്കൊള്ളയാണെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍

191

തിരുവനന്തപുരം • സര്‍ക്കാരും സ്വാശ്രയ മാനേജ്മെന്റുകളും തമ്മിലുള്ള കരാറിനു ശേഷം മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നടക്കുന്നത് വിദ്യാഭ്യാസക്കൊള്ളയാണെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ എംഎല്‍എ.
നൂറു ശതമാനം സീറ്റും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മാനേജ്മെന്റുകളെ വരച്ച വരയില്‍ നിര്‍ത്തുമെന്നും മേനി നടിച്ചവര്‍ ഇപ്പോള്‍ മാനേജ്മെന്റുകളുടെ മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ്.എന്‍ആര്‍ഐ സീറ്റിലും മാനേജ്മെന്റ് സീറ്റിലും ഇന്റര്‍സേ മെറിറ്റ് വേണമെന്ന് ജെയിംസ് കമ്മിറ്റി നിര്‍ബന്ധിക്കുമ്ബോള്‍ മാനേജ്മെന്റുകളുടെ ഇഷ്ടം പോലെ പ്രവേശനം നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാട്. മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടതു പോലെ സര്‍ക്കാര്‍, ഫീസ് വര്‍ധിപ്പിച്ചു കൊടുത്തു.ഇപ്പോള്‍ ഭീമമായ ഫീസും മെറിറ്റില്ലാത്ത അവസ്ഥയുമാണ്.എംബിബിഎസ് സീറ്റിന്റെ ഫീസ് ഒരു കോടി രൂപ വരെ ഉയര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ ഭരണ നേട്ടം. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് കൂടാതെ ലക്ഷക്കണക്കിന് രൂപയാണ് മാനേജ്മെന്റ് സീറ്റുകളിലും എന്‍ആര്‍ഐ സീറ്റുകളിലും മാനേജ്മെന്റുകള്‍ കോഴയായി വാങ്ങുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസരംഗം വരേണ്യ വര്‍ഗത്തിനു മാത്രമായി സര്‍ക്കാര്‍ തീറെഴുതിയിരിക്കുകയാണ്. കരാറില്‍ പറയുന്ന വ്യവസ്ഥകളൊന്നും മാനേജ്മെന്റുകള്‍ പാലിക്കാതിരുന്നിട്ടും സര്‍ക്കാര്‍ നോക്കുകുത്തിയെപ്പോലെ നില്‍ക്കുന്നു. കരാറിലെ വ്യവസ്ഥകളനുസരിച്ചുള്ള ഫീസ് നല്‍കി പ്രവേശനത്തിന് അപേക്ഷിക്കാന്‍ ചെല്ലുന്ന വിദ്യാര്‍ഥികളോട് മാനേജ്മെന്റുകള്‍ അപമര്യാദയായി പെരുമാറുന്നു. ഈ അവസ്ഥക്ക് പരിഹാരം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY