വി ഡിസേര്‍വ് പദ്ധതി – മൂന്നാം ഘട്ട ഗുണഭോക്താക്കള്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം തുടങ്ങി.

66

കാസര്‍കോട് : ജില്ലയിലെ ഭിന്നശേഷിക്കാരായവര്‍ക്ക് വേണ്ടി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന വി ഡിസേര്‍വ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലെ ഗുണഭോക്താക്കള്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം തുടങ്ങി. കുമ്പള പഞ്ചായത്ത് ഓഫീസില്‍ നടന്ന ആദ്യ വിതരണോത്ഘാടനം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരീകാക്ഷ നിര്‍വഹിച്ചു. 2019 നവംബറില്‍ 10 പഞ്ചായത്തുകളില്‍ നടന്ന ക്യാമ്പില്‍ നിന്നും തെരെഞ്ഞെടുത്ത 374 ഗുണഭോക്താക്കള്‍ക്കാണ് വീല്‍ ചെയര്‍, സി പി വീല്‍ ചെയര്‍, ക്രച്ചസ്, വാക്കിങ് സ്റ്റിക്, സ്മാര്‍ട്ട് ഫോണ്‍, കേള്‍വി സഹായ ഉപകരണങ്ങള്‍ കൃത്രിമ കാലുകള്‍ തുടങ്ങിയവ നല്‍കുന്നത്.

ഫെബ്രുവരിയില്‍ നടത്താനിരുന്ന പരിപാടി കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വെക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ എ ഡി ഐ പി സ്‌കീം പ്രകാരം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോ ആണ് സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്. കുമ്പള, പുത്തിഗെ, ബദിയടുക്ക, മംഗള്‍ പാടി പഞ്ചായത്തുകളിലെ 84 പേര്‍ക്കാണ് വിവിധ ഉപകരണങ്ങള്‍ ലഭ്യമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഇ ഗവേണ്‍സ് അവാര്‍ഡ് നേടിയ വി ഡിസേര്‍വ് പദ്ധതി ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച പദ്ധതിയാണ്.

വിവിധ ക്യാമ്പുകളിലൂടെ 4000 ഓളം ഭിന്ന ശേഷിക്കാര്‍ക്ക് ഭിന്ന ശേഷി അവകാശ നിയമം 2018 പ്രകാരമുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും 754 പേര്‍ക്ക് വിവിധ സഹായ ഉപകരണങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ നല്‍കാന്‍ സാധിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷനാണ് ജില്ലയില്‍ പദ്ധതി നിര്‍വഹണം നടത്തുന്നത്.

ചടങ്ങില്‍ കുമ്പള പഞ്ചായത്ത് മെമ്പര്‍ മാരായ സുധ കരകാമത്ത്, സുജിത് റായ് എന്നിവര്‍ പ്രസംഗിച്ചു. കേരള സാമൂഹ്യ സുരക്ഷ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ്, കോര്‍ഡിനേറ്റര്മാരായ അഷ്റഫ്, രാജേഷ് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.

NO COMMENTS