കോര്‍പ്പറേറ്റുകളുടെയും കള്ളപ്പണക്കാരുടെയും പിടിയിലേക്ക് മോദി രാജ്യത്തെ തള്ളിവിട്ടു : വി.എം സുധീരന്‍

199

തിരുവനന്തപുരം: കള്ളപ്പണക്കാരെ പിടിക്കുന്നതിനു പകരം രാജ്യത്തെ കോര്‍പ്പറേറ്റുകളുടെയും കള്ളപ്പണക്കാരുടെയും പിടിയിലേക്ക് രാജ്യത്തെ തള്ളിവിടുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. നോട്ട് നിരോധനത്താല്‍ ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ച നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ബ്ലോക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ജനകീയവിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രശ്‌നപരിഹാരത്തിനായി 50 ദിവസമായിരുന്നു ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ തന്നെ തൂക്കിലേറ്റാന്‍ വെല്ലുവിളിച്ച മോദി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ തയ്യാറായില്ല. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്ത പ്രധാനമന്ത്രി ജനാധിപത്യപരമായി രാജിവെച്ചൊഴിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തിനു ശേഷം ഏര്‍പ്പെടുത്തിയ സര്‍വ്വനിയന്ത്രണങ്ങളും ഇപ്പോഴും തുടരുകയാണ്. രാജ്യത്തെ കാര്‍ഷിക, വ്യാവസായിക, തൊഴില്‍ മേഖലകള്‍ കൂപ്പുകുത്തി. 20 വര്‍ഷത്തേക്ക് രാജ്യം പിന്നോട്ടു പോകുന്ന അവസ്ഥയാണ് സംജാതമായത്. കറന്‍സി പിന്‍വലിക്കലിലൂടെ പമ്പര വിഡ്ഡിത്തം കാട്ടിയ പ്രധാനമന്ത്രി ഇപ്പോള്‍ ജനങ്ങളെയും വിഡ്ഡികളാക്കുകയാണ്. ഒരു ജനതയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെയും ജീവതത്തെയും മണ്ടന്‍ തീരുമാനത്തിലൂടെ അട്ടിമറിച്ചു. സര്‍ക്കാര്‍ തീരുമാനം അടിച്ചേല്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് 150 മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടത്. ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ചവര്‍ ബാങ്കിംഗ് സംവിധാനത്തിന്റെ സര്‍വ്വ വിശ്വാസവും തകര്‍ത്തു. നോട്ട് നിരോധന വിഷയത്തെപ്പറ്റി സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കുള്ള പരാതികള്‍ പറയാന്‍ അവകാശം നിഷേധിക്കുന്ന ഏകാധിപത്യ സമീപനമാണ് പ്രധാനമന്ത്രി വെച്ചു പുലര്‍ത്തുന്നതെന്നും സുധീരന്‍ വ്യക്തമാക്കി. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി കോഓര്‍ഡിനേറ്റര്‍ സഭാപതി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്രപ്രസാദ്, സെക്രട്ടറി മണക്കാട് സുരേഷ്, യൂത്ത് കോണ്‍ഗ്രസ്സ് ദേശീയ ജനറല്‍ ക്രെട്ടറി ജെബി മേത്തര്‍, സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, വി.എസ്.ശിവകുമാര്‍ എം.എല്‍.എ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോടി രവി, മുന്‍ എം.എല്‍.എ എം.എ. വാഹിദ്, ബ്ലോക്ക്, ഡി.സി.സി മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

NO COMMENTS

LEAVE A REPLY