പാതയോരങ്ങളിലെ മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടണം എന്ന സുപ്രീം കോടതിവിധി ചില്ലറവില്‍പ്പനശാലകള്‍ക്ക് മാത്രമേ ബാധകമാകൂ എന്നും ബാറുകള്‍ക്ക് ബാധകമല്ല എന്നുമുള്ള അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുള്ള അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു എന്നുള്ളതാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനമെന്നിരിക്കേ മദ്യവില്‍പന നടത്തുന്ന ബാറുകളെയും ചില്ലറവില്‍പനശാലകളെയും വേര്‍തിരിച്ചുകാണുന്ന ഈ നിയമോപദേശം വളരെ വിചിത്രമാണ്. ബാറുകളില്‍ നിന്നും മദ്യം കഴിച്ചാല്‍ റോഡ് അപകടങ്ങള്‍ ഉണ്ടാകില്ലെന്നും ചില്ലറ മദ്യവില്‍പ്പന ശാലകളില്‍ നിന്നും മദ്യംകുടിച്ചാല്‍ റോഡ് അപകടങ്ങള്‍ ഉണ്ടാകുമെന്നും വാദമുയര്‍ത്തുന്ന അറ്റോണി ജനറലിന്റെ അഭിപ്രായം തലതിരിഞ്ഞതാണ്. യു.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ സുപ്രീം കോടതിയില്‍ ബാറുടമകള്‍ക്ക് വേണ്ടി ഹാജരായത് ഇതേ അറ്റോര്‍ണി ജനറല്‍ തന്നെയാണ്. ബാറുടമകളുടെ വക്കാലത്തുമായി അവര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ വാദമുയര്‍ത്തിയ അദ്ദേഹത്തിന്റെ നിലപാടിന്റെ തുടര്‍ച്ചയായി മാത്രമേ ഈ നിയമോപദേശത്തെ കാണാനാകൂ. ഭരണഘടനാ സ്ഥാനീയനായ അറ്റോര്‍ണി ജനറല്‍ തന്റെ പദവി ദുരുപയോഗപ്പെടുത്തിയിരിക്കുകയാണ്. ബാറുടമകളുടെ വക്താവായി അവര്‍ക്ക് വേണ്ടി വാദമുയര്‍ത്തുന്ന അദ്ദേഹത്തിന്റെ ഈ നടപടി ഭരണഘടനാപരമായ അനൗചിത്യം കൂടിയാണ്. മദ്യലോബിയുമായി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാക്കിയ ധാരണയുടെ ഭാഗമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ടൂറിസം കേന്ദ്രങ്ങളില്‍ ബാറുകള്‍ തുറക്കുന്നതിനുള്ള നീക്കം നടത്തുന്നത്. യു.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയം വന്നതിനു ശേഷം ആഭ്യന്തര ടൂറിസ്റ്റുകളുടേയും വിദേശ ടൂറിസ്റ്റുകളുടേയും എണ്ണത്തിലും വരുമാനത്തിലും കുറവ് ഉണ്ടായിട്ടില്ലെന്ന ടൂറിസം വകുപ്പിന്റെ തന്നെ കണക്കുകളെ മറികടന്നാണ് ഇപ്പോഴത്തെ ഈ ശ്രമം. മദ്യലോബിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് വേണ്ടി തട്ടിക്കൂട്ടിയ പഠനങ്ങളുടെ മറവിലാണ് സര്‍ക്കാരിന്റെ ഈ ജനദ്രോഹനടപടി. ജനങ്ങളെ കുടിപ്പിച്ചേ അടങ്ങൂ എന്ന് എന്തിനാണ് സര്‍ക്കാര്‍ വാശിപിടിക്കുന്നത്. സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ ജനവാസകേന്ദ്രങ്ങളിലേക്ക് പോലും മാറ്റിസ്ഥാപിക്കും എന്ന സര്‍ക്കാരിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ക്വട്ടേഷന്‍-ഗുണ്ടാ സംഘങ്ങള്‍ നാടെങ്ങും അഴിഞ്ഞാടുകയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും മറ്റു കുറ്റകൃത്യങ്ങളും പെരുകിവരികയും ചെയ്യുന്ന ഇക്കാലത്ത് കുറ്റവാളികള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും പ്രേരകമായ മദ്യവില്‍പ്പന പ്രധാന അജണ്ടയായി കാണുന്ന സര്‍ക്കാരിന്റെ നിലപാട് കടുത്ത ജനദ്രോഹമാണ്. ഇതിനെതിരെ ശക്തമായ സമരത്തെ സര്‍ക്കാരിന് നേരിടേണ്ടി വരുമെന്ന് സുധീരന്‍ പറഞ്ഞു.